‘കൂടണയും വരെ കൂടെയുണ്ട്’ എന്ന് കോണ്‍ഗ്രസ്; വന്ദേ ഭാരത് മിഷന്‍ ഈ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അടുത്ത കാലത്തൊന്നും പ്രവാസികള്‍ കൂടണയില്ലെന്ന് അഷ്‌റഫ് താമശ്ശേരി, ഇലക്ഷന് മുമ്പ് രാഹുലില്‍ കണ്ട ആര്‍ജ്ജവം പിന്നെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കണ്ടില്ലെന്ന് പരാതി

ദുബായി: രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചു. ഇതോടെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെയായി. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പല ദിക്കുകളില്‍ നിന്നായി ആവശ്യം ശക്തമായതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇപ്പോള്‍ വിദേശത്ത് നിന്നും പ്രവാസികളെ കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വളരെ കുറച്ച് പ്രവാസികളെ മാത്രമാണ് ഇത്തരത്തില്‍ തിരികെ എത്തിക്കുന്നത് എന്നാണ് പ്രവാസികള്‍ക്കിടയില്‍ നിന്നും പരാതി ഉയരുന്നത്.

ഈ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. ഇന്ന് പ്രവാസികള്‍ ഏറെ ദുരിതത്തിലാണെന്നും താന്‍ ജീവിക്കുന്ന നാടിന്റെ ലോകസഭാംഗമെന്ന നിലയില്‍ പ്രവാസികളായ തങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുവാന്‍ താങ്കള്‍ക്ക് കഴിയമെന്നും രാഹുല്‍ ഗാന്ധിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.

ഇലക്ഷന് മുമ്പ് രാഹുല്‍ ഗാന്ധിയിലുണ്ടായിരുന്ന ആര്‍ജ്ജവം പിന്നെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കണ്ടില്ലെന്നും ഫേസ്ബുക്കിലൂടെ അഷ്‌റഫ് പറയുന്നു. എത്രയും വേഗം എല്ലാ പ്രവാസികളെയും കൂടെണയുവാനുളള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തണം. നാട്യങ്ങളില്ലാത്ത ഒരു നേതാവായിട്ടാണ് അങ്ങയെ പ്രവാസികള്‍ നോക്കി കാണുന്നതെന്നും ആ വിശ്വാസം അങ്ങ് കാത്ത് സുക്ഷിക്കുമെന്ന വിശ്വാസത്തോടെയും കൂടണയുംവരെയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ശ്രീ രാഹുല്‍ ഗാന്ധി MP അറിയുന്നതിന് വേണ്ടി.
അങ്ങയുടെ പാര്‍ട്ടിയുടെ ‘കൂടണയും വരെ കൂടെയുണ്ട്’ എന്ന തലവാചകം സോഷ്യല്‍ മീഡിയയില്‍ കണ്ടു.അതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കത്ത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ ഗള്‍ഫിലെ പ്രവാസി ഇന്‍ഡ്യക്കാര്‍ കൂടണയാന്‍ വളരെയധികം കഷ്ടപ്പെടുന്നു. നിരന്തരമായ സമര്‍ദ്ധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ തുടങ്ങി. മറ്റ് രാജ്യങ്ങളില്‍ നിന്ന് അവരുടെ പൗരന്മാര്‍ക്ക് അവരുടെ രാജ്യത്ത് നാടണയണാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയും എന്തെങ്കിലും ചെയ്യുന്നതായി ലോകത്തിന്റെ മുന്നില്‍ കാണിക്കുന്നതിന് വേണ്ടി വളരെ കുറച്ച് വിമാനങ്ങള്‍ അയച്ച് രക്ഷാദൗത്യം എന്ന പേരില്‍ കുറച്ച് പേരെ നാട്ടലെത്തിച്ചു.വളരെ കുറച്ച് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഒട്ടനവധി പേരാണ് ഇനിയും കൂടെണയാന്‍ ഇവിടെ അത്യാവശ്യക്കാരായി നില്‍ക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍,രോഗികളായ പ്രായം ചെന്നവര്‍,ജോലി നഷ്ടപ്പെട്ടവര്‍, വിസാ കലാവധി കഴിഞ്ഞവര്‍,കാന്‍സര്‍ പോലുളള മഹാരോഗം ബാധിച്ചവര്‍, ഭര്‍ത്താവ് മരിച്ചിട്ട് അനാഥയായ കുടുംബങ്ങള്‍,മാതാപിതാക്കള്‍ മരണപ്പെട്ടിട്ട് നാട്ടില്‍ പോലും പോകാന്‍ കഴിയാത്തവര്‍ ഇനിയും ഏറെയാണ്.ഈ രീതിയിലാണ് വന്ദേ ഭാരത് മിഷന്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത കാലത്തൊന്നും ഇവരൊന്നും കൂടണയില്ല. അതുമാത്രമല്ല,കൂടുതല്‍ പ്രവാസി ഇന്‍ഡ്യക്കാര്‍ ഇവിടെ വീണ് മരിക്കും. ഇതിനകം ഒട്ടനവധി പേര്‍ കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ കീഴടങ്ങി ജീവന്‍ നഷ്ടപ്പെട്ടു.ഇനിയും മരണത്തിന്റെ എണ്ണം കൂടുവാനാണ് സാധ്യത.ഇന്‍ഡ്യയുടെ ബഹുസ്വരതയുടെ അടിസ്ഥാനം ഭരണഘടനയാണ്.അവിടെ പ്രതിപക്ഷത്തിന് പ്രധാന റോളുണ്ട്,പ്രതിപക്ഷമില്ലാത്ത ഒരു ഭരണസംവിധാനം ഒരിക്കലും ജനകീയമായിരിക്കില്ല,പ്രതിപക്ഷത്തിന്റെ ഐക്യം ഭരണപക്ഷത്തിന്റെ വികലമായ ഭരണസംവിധാനങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയും.നിര്‍ഭാഗ്യത്തിന് ദേശീയ രാഷ്ട്രിയത്തില്‍ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കാന്‍ കരുത്തരില്ലാതെ പോയി. തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങ് ദുബായില്‍ വന്നപ്പോള്‍ പ്രവാസികളുടെ വിഷമങ്ങള്‍ നേരിട്ട് കണ്ടതാണ്.ഇന്ന് ആ പ്രവാസികള്‍ ഒരുപാട് ദുരിതകയത്തിലാണ്.ഇലക്ഷന് മുമ്പ് അങ്ങയിലുണ്ടായിരുന്ന ആര്‍ജ്ജവം പിന്നെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കണ്ടില്ല. ജയവും തോല്‍വിയും തിരഞ്ഞെടുപ്പിന്റെ ഭാഗം തന്നെയാണ്.അംഗങ്ങളുടെ എണ്ണമല്ല അവരുടെ ശക്തിയാണ് ,അവരുടെ നിശ്ചയദാര്‍ഢ്യം ആണ് ഭരണസംവിധാനത്തിന്റെ കുറവുകളെ ചൂണ്ടികാട്ടുവാന്‍ കഴിയുക.അങ്ങനെയുളള ചരിത്രമാണ് പൂര്‍വ്വകാലത്ത് നമ്മുക്കുളളതും ഞാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഞാന്‍ ജീവിക്കുന്ന നാടിന്റെ ലോകസഭാംഗമെന്ന നിലയില്‍ താങ്കള്‍ക്ക് പ്രവാസികളായ ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുവാന്‍ കഴിയും.എത്രയും വേഗം എല്ലാ പ്രവാസികളെയും കൂടെണയുവാനുളള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തണം. നാട്യങ്ങളില്ലാത്ത ഒരു നേതാവായിട്ടാണ് അങ്ങയെ പ്രവാസികള്‍ നോക്കി കാണുന്നത്. ആ വിശ്വാസം അങ്ങ് കാത്ത് സുക്ഷിക്കുമെന്ന വിശ്വാസത്തോടെയും കൂടണയുംവരെയും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ

അഷ്‌റഫ് താമരശ്ശേരി

Exit mobile version