മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരും, എസ്എസ്എല്‍സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതിലൂടെ അക്കാര്യം തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് എസ്എസ്എല്‍സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണയും സര്‍ക്കാര്‍ ഇതു തന്നെയാണ് ചെയ്തത്. ഇപ്പോള്‍ പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് അന്നും ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ അന്നും മുഖ്യമന്ത്രി തയ്യാറായില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇപ്പോള്‍ പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചതിലൂടെ തെളിയിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version