ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവന്‍ രക്ഷിക്കാം, വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഗുണകരമെന്ന് ഗവേഷകര്‍

വാഷിങ്ടണ്‍: കൊറോണ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍. ഇത്തരത്തില്‍ രോഗികളെ കമഴ്ത്തി കിടത്തി അവരുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക്‌സാധിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ നോര്‍ത്ത്വെല്‍ ഹെല്‍ത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ മംഗള നരസിംഹം പറയുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തി ചികിത്സിക്കുന്നതിലൂടെ രോഗികളുടെ നില മെച്ചപ്പെടുന്നതായി വ്യക്തമായിട്ടുണ്ടെന്ന് അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വളരെ ലളിതമായ ഒരു ചികിത്സരീതിയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

രോഗികളെ കമഴ്ത്തിക്കിടത്തുന്നതിലൂടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി കാണാനാവുന്നുണ്ടെന്നും ഓരോ രോഗിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ രോഗികളെ കമഴ്ത്തി കിടത്തുന്നത് അവരുടെ ശ്വാസകോശത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാന്‍ സഹായകരമാണെന്നാണ് നിഗമനം.

ഈ നിലയില്‍ കിടത്തുന്നതോടെ ഓക്‌സിജന്‍ ലഭ്യമാകുന്നതിന്റെ തോത് 85 ശതമാനത്തില്‍നിന്ന് 98 ശതമാനമായി ഉയരുന്നതായി കണ്ടത്തിയിട്ടുണ്ട്. കമഴ്ത്തി കിടത്തുന്നതോടെ മുന്പ് ഉപയോഗിക്കാതിരുന്ന ശ്വാസകോശ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ രോഗിക്ക് സാധിക്കുന്നതാണ് ഇതിനു കാരണമെന്ന് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഐസിയു ഡയറക്ടര്‍ കാതറിന്‍ ഹിബ്ബെര്‍ട്ട് പറയുന്നു.

കൊറോണ ബാധിച്ച രോഗികളെ കമഴ്ത്തി കിടത്തുന്നത് ചില രോഗികളില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രയോജനം ചെയ്യുന്നുണ്ടെന്ന് ചില പഠനങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. നന്‍ജിങ്ങിലെ സൗത്ത് ഈസ്റ്റ്യുണിവേഴ്‌സിറ്റി പ്രൊഫസറായ ഹെയ്‌ബോ ക്യൂവാണ് പഠനത്തിന് മേല്‍നോട്ടംവഹിച്ചത്.

വെന്റിലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന പോസിറ്റീവ് മര്‍ദ്ദത്തേക്കാള്‍ ചില രോഗികളില്‍ പ്രയോജനം ചെയ്യുക കമഴ്ന്നുള്ള കിടപ്പാണെന്നാണ് ഈ പഠനം നല്കുന്ന സൂചനയെന്ന് ഗവേഷകനായ ഹെയ്‌ബോ ക്യൂവ പറയുന്നു. കൂടാതെ രോഗികളെ കമഴ്ത്തി കിടത്തുന്നത് അണുബാധ മൂലം ഗുരുതരമായ ശ്വാസകോശ തകരാറുകള്‍ അനുഭവിക്കുന്ന രോഗികളില്‍ മരണനിരക്ക് കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് 2013ല്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു.

Exit mobile version