ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

പണമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്താനായി മൂന്നുപേരും പിന്നാലെ വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ചു.

തൃശൂര്‍: ചികിത്സാസഹായത്തിനെന്ന വ്യാജേന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി. എടത്തുരുത്തി സ്വദേശി സായൂജ് (39), ചെമ്മപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന്‍ (64) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. തൃശൂര്‍ പുതുക്കാടിന് സമീപം മറവാഞ്ചേരിയിലാണ് സംഭവം.

മറവാഞ്ചേരിയില്‍ ബസിറങ്ങിയ മൂന്നുപേരും സമീപത്തെ വീട്ടില്‍ കയറി സംഘത്തിലെ ഒരാള്‍ക്ക് മാരക രോഗമാണെന്നും ചികിത്സക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ പണമില്ലെന്നും വീട്ടില്‍ മറ്റാരുമില്ലെന്നും അവിടെ ഉണ്ടായിരുന്ന വീട്ടമ്മ പറഞ്ഞു. ഇതോടെ 50 രൂപയെങ്കിലും നല്‍കണമെന്നായി സംഘം.

പണമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്താനായി മൂന്നുപേരും പിന്നാലെ വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ തൊട്ടടുത്ത വീട്ടിലെ ആള്‍ ഈ സമയം അവിടേക്ക് വന്നതോടെ സംഘത്തിന്റെ കവര്‍ച്ച പദ്ധതി പൊളിഞ്ഞു.

ഇതോടെ അവിടെനിന്ന് റോഡിലേക്കിറങ്ങിയ സംഘത്തിലെ കാട്ടൂര്‍ സ്വദേശിയായ പ്രകാശനെ നാട്ടുകാരനായ യുവാവ് തിരിച്ചറിഞ്ഞു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന വിവരം യുവാവ് പ്രദേശവാസികളോട് പറഞ്ഞു. തുടര്‍ന്ന് മൂന്നുപേരെയും തടഞ്ഞുവെക്കുകയും പോലീസിനെ വിളിപ്പിച്ച് കൈമാറുകയുമായിരുന്നു.

പിടിയിലായ മൂന്നംഗസംഘത്തിലെ സായൂജ് നിരവധി സ്റ്റേഷനുകളില്‍ 20 ഓളം ക്രിമിനല്‍ കേസുകളിലും, അനീഷ് മോഷണ കേസ് ഉള്‍പ്പെടെ ആറോളം കേസുകളിലും പ്രതിയാണെന്ന് ചാലക്കുടി ഡിവൈ.എസ്പി സിആര്‍ സന്തോഷ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Exit mobile version