‘വനിതാ ഡോക്ടറുടെ’ കെണിയില്‍പ്പെട്ടു; തൃശ്ശൂരിലെ പ്രവാസി വ്യവസായിയ്ക്ക് നഷ്ടമായത് അരക്കോടി

തൃശ്ശൂര്‍: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി തൃശ്ശൂരിലെ പ്രവാസി വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത് അരക്കോടി. മെസഞ്ചറില്‍ വനിതാ ഡോക്ടറുടെ ചതിയില്‍പ്പെട്ട പ്രവാസി വ്യവസായിയായ ഇരിങ്ങാലക്കുട സ്വദേശിയാണ് തട്ടിപ്പിനിരയായത്.

മെസഞ്ചറിലെ ഹണിട്രാപ്പില്‍ കുടുങ്ങി പണം നഷ്ടമായ ഒട്ടേറെ സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഫേസ്ബുക്കിലെ സുന്ദരിയെ കണ്ട് തുടങ്ങിയ ചാറ്റാണ് മധ്യവയസ്‌കനെ കെണിയില്‍പ്പെടുത്തിയത്. പോലീസിനെ വരെ ഞെട്ടിച്ച ചതി കെണിയുടെ കഥ ഇങ്ങനെ:

വിദേശത്ത് ബിസിനസാണ് ഇരിങ്ങാലക്കുടക്കാരന്. ഫേസ്ബുക് മെസഞ്ചറില്‍ ഒരു ദിവസം ഒരു ഹായ് കിട്ടി. ഇതോടെയാണ് ട്രാപ്പിന്റെ തുടക്കം. പ്രൊഫൈല്‍ നോക്കിയപ്പോള്‍ നല്ല സുന്ദരി. പോരാത്തതിന് വനിത ഡോക്ടര്‍. വെറുമൊരു ഹായ് പറഞ്ഞ് തുടങ്ങിയ ബന്ധം ആറു മാസം കൊണ്ട് കൂടുതല്‍ അടുത്തു.

പലപ്പോഴും വീഡിയോ കോളിനും വോയ്‌സ് കോളിനും വ്യവസായി ശ്രമിച്ചു. പക്ഷേ, വനിതാ ഡോക്ടര്‍ പലകാരണം പറഞ്ഞൊഴിഞ്ഞു. പകല്‍ സമയത്ത് ആശുപത്രിയിലാണ്. സംസാരിക്കാന്‍ കഴിയില്ല. നേരം ഇരുട്ടിയാല്‍ വീട്ടിലാണ്. ഭര്‍ത്താവ് അടുത്തള്ളതിനാല്‍ വിഡിയോ, വോയ്‌സ് കോളുകള്‍ പറ്റില്ല. ചാറ്റിങ് ആണേല്‍ ഇഷ്ടംപോലെയാകാം. അങ്ങനെ, മണിക്കൂറുകളോളം ചാറ്റ് ചെയ്തു. മാനസികമായി അടുത്തു. ആറു മാസം ചാറ്റിങ് ബന്ധം മുന്നോട്ടുപോയി. എല്ലാം തുറന്നു സംസാരിച്ചു. ചിത്രങ്ങള്‍ അയച്ചു തന്നു. അങ്ങനെ, ചാറ്റിങ്ങിലൂടെ ആത്മബന്ധമായി.

യുവതി കോയമ്പത്തൂരിലാണ് താമസം. അവിടെ, വന്നാല്‍ കാണാമെന്ന് സന്ദേശം കിട്ടിയ ഉടനെ വ്യവസായി വിദേശത്തു നിന്ന് നാട്ടില്‍ എത്തി. കോയമ്പത്തൂരിലെ ആയുര്‍വേദ ഡോക്ടറെ കാണാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി. ചാറ്റിങ്ങിലൂടെ കിട്ടിയ കാമുകിയെ കാണാനുള്ള ആദ്യയാത്ര. കോയമ്പത്തൂരില്‍ എത്തിയിട്ടും ഫോണില്‍ സംസാരിക്കാന്‍ കാമുകി കൂട്ടാക്കിയില്ല. ചാറ്റിങ് മാത്രം. സ്ഥലം കൃത്യമായി സന്ദേശത്തിലൂടെ പറഞ്ഞു. കാറിന്റെ നമ്പറും കളറും പറഞ്ഞു.

അതേസമയം, വഴിയരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലില്‍ ഒരു യുവാവ് വന്ന് തട്ടി. ആറടി ഉയരമുണ്ട്. കണ്ടാല്‍ ആജാനുബാഹു. എന്തെങ്കിലും സംശയം ചോദിക്കാനാകുമെന്ന് കരുതി. ഗ്ലാസ് താഴ്ത്തിയ ഉടനെ യുവാവ് ബലംപ്രയോഗിച്ച് ഡോര്‍ തുറന്നു. ഡോറുകളുടെ മാസ്റ്റര്‍ ലോക്ക് നീക്കി. തൊട്ടുപിന്നാലെ, രണ്ടുപേര്‍ പുറകിലെ രണ്ടു ഡോറുകള്‍ തുറന്ന് കാറിനുള്ളിലേക്ക് കയറി. തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി. വണ്ടി വിടാന്‍ നിര്‍ദ്ദേശം നല്‍കി.

എന്‍ഐഎയിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. നിങ്ങള്‍ ചാറ്റ് ചെയ്തിരുന്ന സ്ത്രീ ആരാണ്?. പേര്? വിലാസം?.. വിശദാംശങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പൊലീസ് സ്‌റ്റൈലില്‍ ചോദ്യം. ഉദ്യോഗസ്ഥര്‍ ഒരു കാര്യം പറഞ്ഞു. ”നിങ്ങളെ അല്ല വേണ്ടത്, ഞങ്ങള്‍ക്കു വേണ്ടത് ആ സ്ത്രീയെയാണ്”. ആരാണ് ആ സ്ത്രീയെന്ന് പലതവണ വ്യവസായി ചോദിച്ചു. ”ആറു വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളി. മയക്കുമരുന്നും കള്ളനോട്ടും ഇന്ത്യയിലേക്ക് കടത്തുന്ന ഏജന്റ്. ആറു മാസമായി നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് ഞങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. വേഗം ആ സ്ത്രീയുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും കൈമാറണം”. വ്യവസായി പേടിച്ചു വിറച്ചു.

വഴിമധ്യേ, എന്‍ഐഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഐപിഎസുകാരനും കാറില്‍ കയറി. ചോദ്യംചെയ്യല്‍ തുടര്‍ന്നു. രാജ്യാന്തര കുറ്റവാളിയുടെ അനുയായി എന്ന നിലയില്‍ അറസ്റ്റാണ് ഉദ്ദേശ്യമെന്ന് മനസ്സിലായതോടെ നിസഹായനായി അദ്ദേഹം രക്ഷപ്പെടാനുള്ള വഴി അന്വേഷിച്ചു.

”ഒരു കോടി രൂപ ചെലവഴിച്ചാല്‍ കാര്യങ്ങള്‍ ഓകെ ആക്കാം. ഐ.ജി. ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞ കേസാണിത്. അവര്‍ക്കെല്ലാം വിഹിതം കൊടുക്കണം”.

പിന്നീട് വ്യവസായിയെ കോയമ്പത്തൂരിലേക്കും പിന്നെ ബാംഗ്ലൂരുവിലേക്കും കൊണ്ടുപോയി. പലയിടത്തായി താമസിപ്പിച്ചു. അരക്കോടി രൂപ നല്‍കാന്‍ അവസാനം ധാരണയായി. മാനേജരെ വിളിച്ചു. ബന്ധുക്കളെ വിളിച്ചു. ഇരിങ്ങാലക്കുടയിലേക്ക് വ്യവസായിയെ തിരിച്ചു കൊണ്ടുവന്നു. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിപ്പിച്ചു. അങ്ങനെ, സ്വരൂക്കൂട്ടിയ തുക ഉദ്യോഗസ്ഥര്‍ക്കു നല്‍കി. മോചിക്കപ്പെട്ടു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തിന്റെ ഞെട്ടിക്കുന്ന ചതി അറിയുന്നത്. ഉടനെ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന് പരാതി നല്‍കി.
തുടര്‍ന്നാണ് എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ടാ നേതാവ് ഷാരോണ്‍ പിടിയിലായത്. ഷാരോണും സംഘവുമായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥരായി എത്തിയിരുന്നത്.

കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷാരോണ്‍.
110 കിലോ തൂക്കം. ആറടി ഉയരമുള്ള ഒത്ത മനുഷ്യന്‍. ഇരുപതു കിലോ തൂക്കമുള്ള വടിവാളുമായി നടക്കുന്നവന്‍. കൂട്ടാളികള്‍ മുമ്പേ പോയി വഴിയില്‍ എവിടെയും അക്രമികള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം പുറത്തിറങ്ങുന്നവന്‍. പോലീസ് ഉദ്യോഗസ്ഥരെ പോലും ആക്രമിക്കാന്‍ മടിയില്ലാത്തവന്‍. ഫേസ്ബുക്കില്‍ സുന്ദരി ഡോക്ടറായി എത്തിയ പണം തട്ടാനുള്ള പദ്ധതിയും ഷാരോണിന്റേതായിരുന്നു.

കൊച്ചി ഇടപ്പള്ളിയില്‍ ഷാരോണ്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം കിട്ടിയതോടെ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ പിആര്‍ ബിജോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഇടപ്പള്ളിയില്‍ എത്തി. മഫ്തിയില്‍ നിലയുറപ്പിച്ചു. പോലീസ് സംഘം വളഞ്ഞു. തോക്കു ചൂണ്ടി. കയ്യോടെ പിടികൂടി ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.

”സാറേ നാലു പേരാണ് യഥാര്‍ഥ പ്രതികള്‍. അവരാണ്, ചാറ്റിങ് നാടകം മെനഞ്ഞതും വ്യവസായിയെ കുടുക്കിയതും. അന്‍പതു ലക്ഷം രൂപയില്‍ ആകെ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. അവന്‍മാരെ, സാറുമാര് പിടിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ പിടിക്കും” ഷാരോണ്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തിലെ നാലു പ്രതികളെ പോലീസിന് കിട്ടിയിട്ടില്ല. അവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യവസായിയുമായി ചാറ്റ് ചെയ്തിരുന്നത് വനിതയല്ല. ഇരുപത്തിനാലു വയസുള്ള വിരുതനാണ് മെസഞ്ചറിലെ ഡോക്ടര്‍ സുന്ദരിയായി എത്തിയത്.

നവമാധ്യമങ്ങളില്‍ സ്ത്രീയുടെ പ്രൊഫൈല്‍ ചിത്രം കണ്ട ഉടനെ ചാറ്റിങ് ചെയ്ത് കാമുകിയാക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version