വീണ്ടും അരുകൊലയ്ക്ക് ശ്രമം! വീടിന്റെ ഓടിളക്കി അകത്തുകയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, യുവാവ് അറസ്റ്റില്‍

കൊല്ലം: ആലപ്പുഴയില്‍ വനിതാ പോലീസുദ്യോഗസ്ഥയെ തീക്കൊളുത്തി ദാരുണമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേ വീണ്ടും യുവതിയ്ക്ക് നേരേ ആക്രമണം. കൊല്ലം ഇരവിപുരത്ത് വീടിന്റെ ഓടിളക്കി അകത്തുകയറി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

വര്‍ക്കല വടശ്ശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ ഷിനു (25) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന ഷിനു, പലതവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചു.

തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഷിനു, വീടിന്റെ ഓടിളക്കി യുവതിയുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തി യുവതിയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയെ തീ വച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തന്റെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി പോലീസിനു മൊഴി നല്‍കി.

Exit mobile version