കല്ല്യാണവീട്ടില്‍ സ്ത്രീ വേഷത്തിലെത്തി; യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കല്ല്യാണവീട്ടില്‍ സ്ത്രീവേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്.

പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലീസിന് കൈമാറുകയായിരുന്നു. മേലാറ്റൂര്‍ സ്വദേശിയായ യുവാവ് പാന്റിനും ഷര്‍ട്ടിനും മീതെയായി യുവതികള്‍ ധരിക്കുന്ന പുതിയ ഫാഷനിലുള്ള കാലറ്റം വരെ നീണ്ടു കിടക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്.

മുഖം മൂടിയിരുന്നെങ്കിലും മീശ ഒളിപ്പിക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്. യുവാവിന്റെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അറിയിച്ചതോടെയാണ് ആള്‍മാറാട്ടം വെളിച്ചത്തായത്. അതേസമയം യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

Exit mobile version