പത്തനംതിട്ടയില്‍ കനത്ത പോളിംഗ്: വോട്ട് ചെയ്തവരുടെ എണ്ണം ആദ്യമായി 10 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ പോളിംഗ് റെക്കോര്‍ഡിലേക്ക്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 75.80% പോളിംഗ് രേഖപ്പെടുത്തി. എട്ട് മണി വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പലയിടത്തും ഇപ്പോഴും വോട്ടെടുപ്പ് തുടരുന്നതിനാല്‍ അന്തിമ ശതമാനത്തില്‍ വ്യത്യാസം വരും. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 2014ലെ 74.02നെ മറികടന്നു. ഇരുപത് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു. 20 മണ്ഡലങ്ങളിലും 70നും 80നും ഇടയ്ക്ക് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്.

ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ തന്നെ ഒരു ലക്ഷം കഴിഞ്ഞിരുന്നു. ഏഴ് നിയോജക മണ്ഡലങ്ങളിലും അന്‍പത് ശതമാനത്തിലധികം വോട്ടാണ് മൂന്ന് മണിയോടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പേരാണ് പത്തനംതിട്ട മണ്ഡലത്തില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. എന്നാല്‍ ഇക്കുറി തെക്കന്‍ ജില്ലകളില്‍ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ വര്‍ധിച്ച വോട്ടുശതമാനം ആരെ തുണയ്ക്കും എന്ന കാര്യം കണ്ടറിയണം.

കൂടുതല്‍ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാര്‍ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂര്‍-149998 (73.90 %). വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ 300-400 പേര്‍ ബൂത്തുകളില്‍ ക്യൂവിലുണ്ട്.

ആറ് മണി വരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം-72.48%, ആറ്റിങ്ങല്‍-73.80%, കൊല്ലം-73.80%, പത്തനംതിട്ട-73.01%, മാവേലിക്കര-72.88%, കോട്ടയം-73.43%, ആലപ്പുഴ-77.80%, ഇടുക്കി-75.70%, എറണാകുളം-74.95%, ചാലക്കുടി-78.74%, തൃശൂര്‍, 76.40%, ആലത്തൂര്‍-77.84%, പാലക്കാട്-77.48%, പൊന്നാനി-72.63%, മലപ്പുറം-74.62%, കോഴിക്കോട്-74.45%, വയനാട്-79.01%, വടകര-77.99%, കണ്ണൂര്‍-81.06%, കാസര്‍ഗോഡ്-75.24% എന്നിങ്ങനെയാണ് പോളിംഗ് നില.

ആറ് മണിക്ക് വോട്ടിംഗ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ഇതുവരെ വോട്ടിംഗ് പ്രക്രിയ അവസാനിച്ചിട്ടില്ല. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്‌നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.

Exit mobile version