തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്, അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തിയത് 68ശതമാനം വരെ

local body election 2020 | bignewslive

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മൂന്ന് ഘട്ടമായി നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളിലെ വിധിയെഴുത്താണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.

ഇപ്പോള്‍ വോട്ടെടുപ്പ് അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 68ശതമാനം വരെയാണ് ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരി തലയ്ക്ക് മീതെ നില്‍ക്കുമ്പോഴും തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ ജനങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു പല ബൂത്തുകളിലും.

സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും കൊവിഡ് പ്രതിരോധങ്ങള്‍ പാടെ പാലിച്ചാണ് ഈ അഞ്ച് ജില്ലകളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി ആലപ്പുഴ ജില്ലയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവിരെ 71.04 % വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 69.29 %ശതമാനം രേഖപ്പെടുത്തി ഇടുക്കി തൊട്ടുപിന്നിലുണ്ട്. കൊല്ലം 68.74% ശതമാനം രേഖപ്പെടുത്തുമ്പോള്‍ പത്തനംതിട്ടയില്‍ പോളിംഗ് 66.4 ശതമാനമാണ്.

തിരുവനന്തപുരത്താകട്ടെ 64.85 ശതമാനവും. സംസ്ഥാനത്തിന്റെ തലസ്ഥാനത്താണ് താരതമ്യേന പോളിംഗ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 5 ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 24,584 സ്ഥാനാര്‍ഥികള്‍ക്കായി 88,26,873 വോട്ടര്‍മാരാണ് വിധിയെഴുതാന്‍ എത്തുന്നത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്ങ്. അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പ് 10-ാംതീയതി വ്യാഴാഴ്ച നടക്കും. കോട്ടയം , എറണാകുളം, ത്യശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഡിസംബര്‍ 14നും വോട്ടെടുപ്പ് നടത്തുന്നതാണ്. ഡിസംബര്‍ 16നാണ് വേട്ടെണ്ണല്‍ നടത്തുക.

Exit mobile version