കോണ്‍ഗ്രസ് പ്രസിഡന്റിന് പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ വയനാട്ടില്‍ മത്സരിക്കേണ്ടിവന്നു: തിരുവനന്തപുരത്തോ പത്തനംതിട്ടയിലെ മത്സരിക്കാന്‍ ധൈര്യമുണ്ടോ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരള ജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബിജെപി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനുങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തെക്കന്‍ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കടുത്ത ഭാഷയില്‍ മോഡി വിമര്‍ശിച്ചു. കേരളത്തില്‍ പരസ്പരം പോരടിക്കുകയും ഡല്‍ഹിയില്‍ എത്തുമ്പോള്‍ കൈകോര്‍ക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടേതുമെന്ന് മോഡി പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ പ്രസിഡന്റിന് പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ വയനാട്ടില്‍ മത്സരിക്കേണ്ടിവരുന്നു. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാനാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്താ തിരുവനന്തപുരത്തിറങ്ങി ഒരു സന്ദേശം കൊടുത്തുകൂടെ. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമല്ലെ. അതല്ലെങ്കില്‍ പത്തനംതിട്ടയിലിറങ്ങി അതിനേക്കാള്‍ നല്ല സന്ദേശം കൊടുത്തുകൂടെ. എന്താ അതിനൊന്നും മുതിരാത്തത്.

അതേസമയം, ശബരിമല എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് രണ്ടാമത്തെ പ്രചാരണപരിപാടിയിലും മോഡി സംസാരിച്ചത്. ‘കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടും. ലാത്തിച്ചാര്‍ജ് നടത്തും’, മോഡി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും മോഡി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. ലാവലിന്‍ അഴിമതിയാരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്.

അതേസമയം, നമ്പി നാരായണനെയും മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോഡി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കര്‍മസമിതി നേതാവുമായ മുന്‍ ഡിജിപി സെന്‍കുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം.

ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടും സെന്‍കുമാര്‍ അന്വേഷണവുമായി മുമ്പ് മുന്നോട്ടു പോയിരുന്നു. ചാരക്കേസ് അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ലെന്നും മന്ത്രിസഭായോഗം തീരുമാനിക്കുന്നതിന് മുമ്പ് കോടതി അത് വിലക്കിയിരുന്നെന്നും നമ്പി നാരായണന്‍ നേരത്തേ പറഞ്ഞിരുന്നതാണ്. സെന്‍കുമാറിനെതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസും നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് മോഡി തിരുവനന്തപുരത്ത് എത്തിയത്.

സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, എം.പിമാരായ വി.മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കന്‍ തുടങ്ങിയവരും പങ്കെടുത്തു.

Exit mobile version