പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍; തെരഞ്ഞെടുപ്പില്‍ നിന്നും സുരേഷ് ഗോപിയെ അയോഗ്യനാക്കിയേക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച നിലവിലെ എംപിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയേക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. പെരുമാറ്റചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. കളക്ടര്‍ക്കെതിരെ പറഞ്ഞത് കുറ്റകരമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം. വിഷയത്തില്‍ സുരേഷ് ഗോപി നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ ചട്ടലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ സുരേഷ് ഗോപിയുടെ വിശദീകരണം വിലയിരുത്തിയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് നീങ്ങുക.

കലക്ടര്‍ നോട്ടീസു നല്‍കിയതിനു പിന്നാലെ, താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണെന്നും ഇതിന് ജനം മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞതിന് പിന്നാലെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ തന്നെ രംഗത്തെത്തിയത്.

Exit mobile version