25 വര്‍ഷം മുമ്പത്തെ ടൈം മാഗസിനിന്റെ മുഖചിത്രത്തില്‍ 2019ലെ അല്‍ഫോണ്‍സ് കണ്ണന്താനം; ഫോട്ടോഷോപ്പ് മാജിക് കൈയ്യോടെ പിടികൂടി സൈബര്‍ലോകം

കൊച്ചി: ഫോട്ടോഷോപ്പ് വിവാദത്തിലും കുരുങ്ങി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ആദ്യ പ്രചരണത്തിനിറങ്ങിയപ്പോഴേ കണ്ണന്താനം ട്രോളന്മാരുടെ ഇരയായിരുന്നു, ആദ്യം മണ്ഡലം മാറിപ്പോയതും, വോട്ട് ചോദിച്ച് കോടതി മുറിയിലെത്തിയതും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു.

1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാസികയില്‍ കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം മുഖചിത്രമാക്കിയതാണ് പുതിയ വിവാദമായിരിക്കുന്നത്. അന്നത്തെ ടൈം മാഗസിന്‍ ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് കണ്ണന്താനം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യാജ പ്രചാരണം നടത്തുന്നത്.

എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പേരില്‍ കണ്ണന്താനം പുറത്തിറക്കിയ നോട്ടീസില്‍ ടൈം മാഗസിന്റെ നൂറ് ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചതായി നല്‍കിയിട്ടുണ്ട്. ഈ വിവരം സാധൂകരിക്കാന്‍ വേണ്ടിയാണ് ഫോട്ടോഷോപ്പ് ചെയ്ത ടൈം മാസികയുടെ കവര്‍ചിത്രം കൂടി ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ടൈം മാസികയുടെ കവറായി വന്നതെന്ന് കണ്ണന്താനം ഷെയര്‍ ചെയ്ത ചിത്രത്തിലെ ഫോട്ടോ തന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറക്കിയ നോട്ടീസിലും ഉപയോഗിച്ചിട്ടുണ്ട്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ അതേചിത്രമാണ് 1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ഫോട്ടോഷോപ്പിനും ഉപയോഗിച്ചത്. 1994ലെ ടൈം മാഗസിനില്‍ 2019ലെ ഫോട്ടോ വന്ന വിദ്യ പറഞ്ഞുതരാമോയെന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ണന്താനത്തെ ട്രോളുന്നത്.

അമേരിക്കയുടെ 50 ഭാവിനേതാക്കളെക്കുറിച്ചുള്ള ടൈമിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് കണ്ണന്താനം ചിത്രവും തലക്കെട്ടും വ്യാജമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൈമിന്റെ ഒറിജിനല്‍ തലക്കെട്ട് തിരുത്തി നൂറ് ആഗോള നേതാക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്നുമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 40 വയസിനുതാഴെയുള്ള ഭാവി നേതാക്കള്‍ എന്ന അടിക്കുറിപ്പ് വെട്ടിമാറ്റി, പുതിയ നൂറ്റാണ്ടിലെ യുവ നേതാക്കള്‍ എന്നുമാക്കി.

അതേസമയം, ടൈം മാഗസിന്‍ കവര്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു അപഹാസ്യനായെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 100 യുവനേതാക്കളിലൊരാളായി ടൈം ഇന്റര്‍നാഷണല്‍ മാസിക കണ്ണന്താനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടര്‍ എന്ന നിലയില്‍ സമ്പൂര്‍ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പട്ടണമാക്കി കോട്ടയത്തെ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെ നേതൃത്വം നല്‍കിയത് കണ്ണന്താനമായിരുന്നു. ഇതിനുള്ള അംഗീകാരമായാണ് പിന്നീട് ടൈം മാസിക 100 യുവനേതാക്കളില്‍ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

എന്നാല്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത കവര്‍ചിത്രമാക്കിയതോടെ അന്നത്തെ നേട്ടം പോലും ചര്‍ച്ച ചെയ്യപ്പെടാത്ത നിലയില്‍ പരിഹാസ്യനായി മാറിയിരിക്കുകയാണ് കണ്ണന്താനം.

Exit mobile version