“ഡിലീറ്റ് ഫെയ്‌സ്ബുക്ക് ? ” സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക

ന്യൂയോര്‍ക്ക് : ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന വിവാദത്തിനിടെ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ഡിലീറ്റ് ഫെയ്‌സ്ബുക്ക് ? എന്ന ചോദ്യവും ക്യാന്‍സല്‍ അല്ലെങ്കില്‍ ഡിലീറ്റ് എന്ന ഓപ്ഷണുകളുമടങ്ങിയതാണ് ചിത്രം.

കമ്പനിയുടെ ലാഭത്തേക്കാള്‍ ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്‌സ്ബുക്ക് ഇല്ലാതാക്കിയത് എന്ന് വിശദമാക്കുന്ന ബില്ലി പെരിഗോ എഴുതിയ ലേഖനമടങ്ങിയതാണ് മാസികയുടെ ഇത്തവണത്തെ ലക്കം.ഫെയ്‌സ്ബുക്കിന്റെ ഭാവി എന്ത് തന്നെയായാലും ആന്തരികമായി അതിനെതിരെയുള്ള അതൃപ്തി വളരുന്നുണ്ടെന്നത് വ്യക്തമാണെന്നും ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടെയും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ച ശക്തമാക്കേണ്ടതിന്റെയും ആവശ്യകത വെളിപ്പെടുത്തുന്നുവെന്നും ബില്ലി ലേഖനത്തില്‍ പറയുന്നുണ്ട്.

വ്യാജവാര്‍ത്തകളോടും മറ്റും പ്രതികൂല അനുഭാവം പ്രകടിപ്പിച്ചിരുന്ന സിവിക് ടീമിനെ ഡിസംബര്‍ 2020ലാണ് സക്കര്‍ബര്‍ഗ് ഒഴിവാക്കുന്നത്. ഇതിനും ഏറെക്കാലത്തിന് ശേഷമാണെങ്കിലും ഇപ്പോള്‍ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയില്‍ കമ്പനിയെ കൊണ്ടെത്തിച്ചിരിക്കുകയാണ് മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹൗഗന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍.

അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കാര്യമായ നടപടികളൊന്നും ഫെയ്‌സ്ബുക്ക് കൈക്കൊള്ളുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരില്‍ സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്ക വളരുന്നുണ്ടെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നതുമടക്കം ഗുരുതര ആരോപണങ്ങളാണ് ഹൗഗന്‍ ഫെയ്‌സ്ബുക്കിനെതിരെ നടത്തിയത്.

എന്നാല്‍ ആരോപണങ്ങളൊക്കെയും അടിസ്ഥാനരഹിതമാണെന്നും ഒരു ടെക്ക് കമ്പനിയും സ്വന്തം ലാഭത്തിന് വേണ്ടി ആളുകളുടെ സുരക്ഷയെ പ്രതിസന്ധിയിലാക്കിലെന്നുമാണ് സക്കര്‍ബര്‍ഗ് പ്രതികരിച്ചത്.

Exit mobile version