ജനാധിപത്യത്തില്‍ ജനവികാരമാണ് പ്രധാനം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനവികാരമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എത്ര നല്ല നിയമമാണെങ്കിലും ജനങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാരിനത് നടപ്പാക്കാന്‍ സാധിക്കുകയില്ലെന്നും അതാണ് കര്‍ഷകസമരം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍;

എന്റെ കാഴ്ചപ്പാടില്‍ പുതിയനിയമങ്ങള്‍ നല്ലതായിരുന്നു, പക്ഷെ ജനങ്ങള്‍ അതുള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഏതു നല്ല കാര്യവും നടപ്പാക്കാന്‍ പറ്റുകയുള്ളൂ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. അടുത്ത പത്ത് വര്‍ഷം ഇന്ത്യ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പി.യാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.

സമരം ചെയ്യുന്ന കര്‍ഷകര്‍ പണക്കാരാണെന്നോ ഖലിസ്ഥാനികളാണെന്നോ തങ്ങളാരും പറഞ്ഞിട്ടില്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കെതിരാണെന്ന തരത്തില്‍ അവര്‍ക്ക് ഒരു വികാരമുണ്ടായി. അതാണ് സമരത്തിലേക്ക് നയിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവുകള്‍ ഒരു വിപണിയില്‍ മാത്രമല്ല, പല വിപണികളില്‍ വില്‍ക്കാന്‍ അവകാശം നല്‍കുന്ന തരത്തിലുള്ള നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നത്. പക്ഷെ, നമ്മുടെ കര്‍ഷകര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള സമയമായിട്ടില്ല. അതുകൊണ്ട് അത് പിന്‍വലിക്കുന്നതായിരിക്കും ജനാധിപത്യത്തില്‍ ഏറ്റവും നല്ല കാര്യമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി കരുതുന്നു.

Exit mobile version