വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ വെല്ലുവിളിച്ച് സരിതാനായര്‍; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും മത്സരിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കാനൊരുങ്ങി സോളാര്‍ നായിക സരിത എസ് നായര്‍. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരേ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനു പുറമെയാണ് സരിത വയനാട്ടിലും മത്സരിക്കാന്‍ തയാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി ഇരു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തമാക്കി കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സരിതാ നായര്‍ പത്രപ്പരസ്യം നല്‍കി. ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പല തവണ രാഹുല്‍ ഗാന്ധിക്ക് മെയിലുകള്‍ അയച്ചിട്ടും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കുന്നതെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇ-മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ട്. എന്നാല്‍ തന്റെ പരാതിയില്‍ നടപടിയെടുക്കാനോ മറുപടി നല്‍കാനോ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചിരുന്നു.

Exit mobile version