രാഹുല്‍ഗാന്ധിയെ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടും: പിഎസ് ശ്രീധരന്‍ പിള്ള

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

രാഹുല്‍ ഗാന്ധി വന്നാല്‍ സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേയും സംസ്ഥാനത്തെയും ബിജെപി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നു. അത് കേന്ദ്ര നേതൃത്വത്തേയും ബിഡിജെഎസിനേയും ബോധ്യപ്പെടുത്തും. ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കുന്നത് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെയും വയനാട്ടിലിറക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. നിലവില്‍ ബിഡിജെഎസിന്റെ മണ്ഡലമാണ് വയനാടെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അത് ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.

എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രം അത്തരരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയാല്‍ മതിയെന്നാണ് ബിഡിജെഎസ് നേതൃത്വം പറയുന്നത്.

Exit mobile version