മുന്നൂറിലേറെ ‘താമരകളെ കുടത്തിലാക്കണം’! സുരേന്ദ്രനെ ഔട്ടാക്കി തൃശ്ശൂരിനെ തുഷാര്‍ പിടിച്ചെടുത്തതോടെ ബിജെപിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

തൃശ്ശൂര്‍: തൃശൂരില്‍ എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപി ക്യാപിന് കിട്ടിയത് എട്ടിന്റെ പണി. ഒരുമാസത്തിനിടെ പ്രതീക്ഷയില്‍ ചുമരുകള്‍ തോറും വരച്ച താമരകളത്രയും മാറ്റി ബിഡിജെഎസിന്റെ കുടം വരയ്ക്കണം.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഏഴു നിമയസഭാ മണ്ഡലങ്ങളിലായി മുന്നൂറിലേറെ ചുമരെഴുത്തുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ബിജെപി നടത്തി. മൂന്നൂറിടങ്ങളില്‍ ചുമരുകളിലും താമര വരച്ചു. എന്‍ഡിഎ. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന എഴുത്തുകള്‍ പേരില്ലാതെ വരച്ചു. അത്രയും ആത്മവിശ്വാസത്തിലായിരുന്നു ബിജെപി ക്യാംപ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തൃശൂരില്‍ മല്‍സരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. തൃശൂര്‍ സീറ്റ് കെ സുരേന്ദ്രന്‍ ഉറപ്പിച്ച മട്ടിലായിരുന്നു മുന്നൊരുക്കങ്ങള്‍. ഈ വിശ്വാസത്തില്‍ തന്നെയായിരുന്നു സുരേന്ദ്രന്‍ മൂന്നു വര്‍ഷമായി തൃശൂരില്‍ നിരന്തരം ക്യാംപ് ചെയ്തിരുന്നതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയത് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിളിച്ചത് 500 കുടുംബ യോഗങ്ങളില്‍ ഭൂരിഭാഗം കുടുംബയോഗങ്ങളിലും കെ സുരേന്ദ്രന്‍ പങ്കെടുക്കുകയും ചെയ്തു.

സുരേന്ദ്രന്‍ കൂടി വന്നാല്‍ തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമെന്നും അവര്‍ ഉറപ്പിച്ചു. ഇതോടെ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ തന്നെ തൃശൂരില്‍ മല്‍സരിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനിടെയാണ്, തുഷാര്‍ വെള്ളാപ്പള്ളിയുടെ രംഗപ്രവേശം.

ബിജെപി കേന്ദ്ര നേതൃത്വം ഘടകക്ഷിയായ ബിഡിജെഎസിന്റെ പ്രധാന നേതാവിനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തുഷാറിന്റെ ഉന്നം തൃശൂര്‍ സീറ്റിലേക്കായി. തൃശൂര്‍ സീറ്റ് കിട്ടിയാല്‍ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ബിജെപിയുടെ സംഘടനാ കെട്ടുറപ്പുള്ള ജില്ലയെന്ന നിലയ്ക്കു തൃശൂര്‍ സീറ്റ് വേണമെന്ന് തുഷാറും നിലപാട് വ്യക്തമാക്കി. ഇതോടെ, കെ സുരേന്ദ്രന്‍ തൃശൂര്‍ സീറ്റില്‍ നിന്ന് ഔട്ടായി.

കൂടാതെ മുന്നൂറിലേറെ മതിലുകള്‍ വരച്ച താമരകള്‍ മാറ്റിവരയ്ക്കണം. കുടുംബയോഗങ്ങളില്‍ ചിഹ്നം വീണ്ടും മാറ്റിപ്പറയണം. താമരകള്‍ മായ്ച്ച് കുടം വരയ്ക്കണം. അതേസമയം വരച്ചവര്‍ തന്നെ മായ്ക്കട്ടേയെന്നാണ് ബിഡിജെഎസ് പ്രവര്‍ത്തകരുടെ നിലപാട്.

ഇതിനെല്ലാം പുറമെ, അണികളുടെ ചീത്ത കേള്‍ക്കേണ്ട ഗതികേടിലാണ് ബിജെപി ജില്ലാ നേതൃത്വം. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു എല്ലാവിധ പിന്തുണയും നല്‍കാന്‍ ജില്ലാ നേതൃത്വം ബാധ്യസ്ഥരായിരിക്കുകയാണ്.

Exit mobile version