ആറ്റുകാല്‍ പൊങ്കാല; ജില്ലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

പൊങ്കാലായോടനുബന്ധിച്ച് ആയിരം വനിതാ പോലീസുകാരടക്കം നാലായിരം പോലീസുകാരുടെ സേവനമാണ് ഇത്തവണ ഉണ്ടാവുക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആറ്റുകാല്‍ പൊങ്കാലായോടനുബന്ധിച്ച് കേരളാ പോലീസ് സുരക്ഷ ശക്തമാക്കി. ഇത്തവണ ജില്ലയില്‍ പഴുതടച്ച സുരക്ഷയായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. പൊങ്കാലായോടനുബന്ധിച്ച് ആയിരം വനിതാ പോലീസുകാരടക്കം നാലായിരം പോലീസുകാരുടെ സേവനമാണ് ഇത്തവണ ഉണ്ടാവുക.

ആറ്റുകാല്‍ പൊങ്കാലായോടനുബന്ധിച്ച് ജില്ലയില്‍ നൈറ്റ് പട്രോളിങ്ങിന് പ്രത്യേക സംഘം, സ്പെഷ്യല്‍ കോബ്ര പട്രോളിംഗ് ടീം, ഷാഡോ ടീം, ഇതിനു പുറമെ അന്യ സംസ്ഥാന മോഷ്ടക്കളെ പിടികൂടാനായി സ്പെഷ്യല്‍ ഷാഡോ ടീം എന്നിവയാണ് പോലീസ് സേന ഒരുക്കിയിരിക്കുന്നത്.

ഇത്തവണത്തെ ബൈക്ക് പട്രോളിംഗ് സംഘത്തില്‍ വനിതാ പോലീസുകാരുമുണ്ടാകും. രാത്രിയും പകലുമായി ക്ഷേത്ര പരിസരത്തെ പ്രധാന ഭാഗങ്ങളിലും, ഇടുങ്ങിയ വഴികളിലും ശക്തമായ പട്രോളിങ് കോബ്രാ സംഘം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്‌സുരേന്ദ്രന്‍ പറഞ്ഞു.

ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനവും പോലീസ് സേന ഒരുക്കും. ട്രസ്റ്റ് ഓഫീസിനടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലെ ദൃശ്യങ്ങള്‍ കമ്മീഷണര്‍ ഓഫീസില്‍ ഇരുന്നും, പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്നും നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Exit mobile version