നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ലാപ്‌ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് ആലംപാടി സ്വദേശി ഹാരിസ് അഹമ്മദ് പിടിയിലായി.

സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ലാപ്‌ടോപ്പിന്റെ ബാറ്ററിയുടെ സ്ഥാനത്ത് വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റില്‍ 85 ലക്ഷം രൂപ വിലവരും.

ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ബാഗേജിലാണ് ഇയാള്‍ ലാപ്‌ടോപ്പ് സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇരുപത്തി രണ്ട് സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version