കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ചു; എംസി ജോസഫൈനെതിരെ പരാതി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ പരാതി. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ചെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി. വൃദ്ധയെ അയല്‍വാസി മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് അധിക്ഷേപിച്ച് സംസാരിച്ചതെന്ന് വൃദ്ധയുടെ ബന്ധു പറയുന്നു.

പരാതി കേള്‍ക്കാന്‍ മറ്റുമാര്‍ഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിനെ അധ്യക്ഷ ശകാരിച്ചു. പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നേരിട്ടുതന്നെ ഹാജരാകണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു. അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റാണ് 89കാരി ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസ് നടപടിയെടുക്കാത്തതിനാല്‍ വനിതാകമ്മിഷനെ സമീപിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു ഉല്ലാസ് കുമാര്‍ പറഞ്ഞു.

അതേസമയം പരാതിക്കാരിയുടെ ബന്ധു തന്റെ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് എംസി ജോസഫൈന്‍ പ്രതികരിച്ചു. ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സംശയമുണ്ട്. 89കാരിയെക്കൊണ്ട് പരാതി നല്‍കിച്ചത് തെറ്റെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

Exit mobile version