മനുഷ്യാവകാശ കമ്മിഷന്‍ ‘അനാവശ്യം’ : പിരിച്ചു വിട്ട് താലിബാന്‍

കാബൂള്‍ : മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന അഞ്ചോളം സുപ്രധാന വകുപ്പുകള്‍ പിരിച്ചുവിട്ട് താലിബാന്‍. അനാവശ്യമെന്ന് കാട്ടി മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.

അനാവശ്യ സാമ്പത്തിക ചിലവാണ് മനുഷ്യാവകാശ കമ്മിഷന്‍ എന്നാണ് സംഘടനയുടെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ 501 മില്യണ്‍ ഡോളറിന്റെ കുറവാണ് അഫ്ഗാന്‍ അഭിമുഖീകരിക്കുന്നത്. ബജറ്റില്‍ ഉള്‍പ്പെടാത്തതും അനാവശ്യമെന്ന് ബോധ്യപ്പെട്ടതുമായ വകുപ്പുകളാണ് പിരിച്ചുവിടുന്നതെന്ന് താലിബാന്‍ വക്താവ് ഇനാമുള്ള സമംഗനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ദേശീയ ബജറ്റ് കൃത്യവും വസ്തുതകള്‍ അടിസ്ഥാനമായുള്ളതുമാണെന്നും സജീവവും പ്രവര്‍ത്തനക്ഷമമായതുമായ വകുപ്പുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും സമംഗനി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ വേണ്ടി വന്നാല്‍ വകുപ്പുകള്‍ പുനസൃഷ്ടിക്കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.

മനുഷ്യാവകാശ കമ്മിഷന്‍ കൂടാതെ നാഷണല്‍ റീ കണ്‍സിലിയേഷന്‍ കൗണ്‍സില്‍(എച്ച്‌സിഎന്‍ആര്‍), ഹൈ പവര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, അഫ്ഗാന്റെ പുതിയ ഭരണഘടനാ കമ്മിഷന്‍ എന്നിവയാണ് പിരിച്ചുവിട്ടത്. താലിബാനും യുഎസ് സഹായത്തോടെ നിലനിന്നിരുന്ന അഷ്‌റഫ് ഗനി സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി ഉണ്ടാക്കിയ കൗണ്‍സില്‍ ആയിരുന്നു എച്ച്‌സിഎന്‍ആര്‍.

Exit mobile version