‘മൊയ്തുക്കയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വെളുത്തു നീണ്ട, സുന്ദരനായ രസികനായ മനുഷ്യന്‍’; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കുറിച്ച് ഓര്‍മ്മകുറിപ്പ്

മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടിന്റെ വേദനയിലാണ് ആരാധകലോകം. കോവിഡ് മഹാമാരിയ അതിജീവിച്ചാണ് അദ്ദേഹം യാത്രയായത്. 76ാം വയസ്സിലാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. ജയരാജിന്റെ ദേശാടനത്തിലൂടെയാണ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിനും മുമ്പുള്ള സാധാരണ ജീവിതത്തിനെ കുറിച്ച് പ്രകാശ് ബാബു എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

”കോവിഡിന്റെ സങ്കടക്കടലും നീന്തി കടന്നതായിരുന്നു. വിധി കരുതിവെച്ച നിമിഷങ്ങള്‍ ഇത്രയേയുള്ളു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമാ താരമാകുന്നതിന് മുമ്പേ മനസ്സില്‍ ആരാധന നേടിയ വ്യക്തിയായിരുന്നു.

എന്റെയൊക്കെ ചെറുപ്പത്തില്‍ പെരുമ്പ കിണറിനടുത്ത എസ്. കെ.മൊയ്തുക്കയുടെ കടയില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ ഒരുമിച്ചുവാങ്ങുവാന്‍ വരുന്ന വെളുത്തു നീണ്ടു സുന്ദരനായ രസികനായ മനുഷ്യന് മൊയ്തുക്കയുടെ കടയില്‍ ഒരു കസേര ഇട്ടു കൊടുത്തിട്ടുണ്ടാകും, പ്രസ്തുത കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്ന ഞങ്ങളെ പോലുള്ള കുട്ടികളോടും അദ്ദേഹം കുശലം ചോദിക്കും, അടുത്ത് പരിചയപ്പെട്ടത് പയ്യന്നൂര്‍ കോളേജിലെ വിദ്യാഭ്യാസ കാലത്തായിരുന്നു.

ഞങ്ങളുടെയൊക്കെ സീനിയറായ എസ്എഫ്‌ഐ നേതാവ് ഭവദാസന്‍ നമ്പൂതിരിയുടെയും, ഒരേ സമയത്ത് അടുത്ത ക്ലാസ്സിലെ സുഹൃത്തായ കുഞ്ഞികൃഷ്ണന്റയും (ഇന്നത്തെ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജസ്റ്റിസ്. കുഞ്ഞികൃഷ്ണന്‍) പിതാവെന്ന നിലയിലും അദ്ദേഹത്തെ അടുത്തറിഞ്ഞു.

സിനിമാ ലോകത്ത് എത്തുന്നതിന് മുമ്പേ നല്ലൊരു കലാപ്രേമിയും, കലാകാരനും ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയുമായ അദ്ദേഹം നല്ലൊരു മനുഷ്യ സ്‌നേഹിയുമായിരുന്നു. ഒരു തലമുറക്കാകെ വെളിച്ചം വിതറിയ ദേവിസഹായം സ്‌ക്കൂളിന്റെ ശില്‍പ്പിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നാമം ചരിത്രത്തിന്റെ തങ്കലിപികളില്‍ തിളങ്ങി നില്‍ക്കും.

പ്രശസ്ത സംവിധായകനായ ജയരാജന്റെ ദേശാടനത്തിലൂടെ അദ്ദേഹം മലയാള സിനിമയിലെത്തി. തുടര്‍ന്നങ്ങോട്ട് ഇന്ത്യയിലെ പ്രശസ്ത താരങ്ങളോടൊപ്പമെല്ലാം അദ്ദേഹം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. കമലഹാസന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ നക്ഷത്രങ്ങളോടൊപ്പം അവരിലും വലിയ നക്ഷത്രമായി അദ്ദേഹം താരനീലിമയില്‍ ശോഭിച്ചു.

സ്വാതന്ത്ര ദിനത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചു പയ്യന്നൂര്‍ ട്രഷറിയില്‍ നടത്തിയ മുതിര്‍ന്ന പെന്‍ഷണേഴ്‌സിനെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞങ്ങളുടെ ക്ഷണപ്രകാരം എത്തിയ അദ്ദേഹം പ്രസംഗിക്കുന്നതിനിടയില്‍ എന്റെ പേരെടുത്തു പറഞ്ഞത് ഇന്നും ജീവിതത്തില്‍ കിട്ടിയ അസുലഭ ഭാഗ്യമായി കണ്‍മുന്നില്‍ നിറയുകയാണ്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കാണുവാനെത്തിയ അന്നത്തെ പയ്യന്നൂര്‍ മുന്‍സീഫിന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ചതും, ട്രഷറിക്ക് പുറത്ത് നിറഞ്ഞ ജനക്കൂട്ടത്തെ കൈവീശി കാണിച്ചുകൊണ്ട് സരസമായ ഭാഷയില്‍ ദേശീയ പ്രസ്ഥാനത്തേയും ട്രഷറിയെക്കുറിച്ചുമൊക്കെ അദ്ദേഹം അന്ന് സരസമായി പ്രസംഗിച്ചു.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനങ്ങളോടും, പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും അതിന്റെ നേതാക്കളോടും ആത്മബന്ധം സ്ഥാപിച്ചിരുന്ന പുല്ലരി വാദ്ദ്യാരില്ലത്തെ കാരണവര്‍ നിറഞ്ഞ മനസ്സോടെയും സ്‌നേഹത്തോടെയും കെ സുധാകരനേയും ഇഷ്ടപ്പെട്ടിരുന്നു. ബഹുമാനപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരഞ്ജലി.

Exit mobile version