ജോലി മോഷണം, കറക്കം ആഡംബര ബൈക്കില്‍, ഒപ്പം പെണ്‍സുഹൃത്തും; ഒടുവില്‍ മലപ്പുറത്തെ ജിമ്മന്‍ കിച്ചുവിനെ പോലീസ് പൊക്കി

ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ഇയാള്‍.

മലപ്പുറം: അന്തര്‍ജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25) പിടിയില്‍. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ഇയാള്‍.

ഇതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

അതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പോലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പരപ്പനങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോര്‍.

ALSO READ ഒരുതവണ അകത്തായിട്ടും പഠിച്ചില്ല, മലപ്പുറത്ത് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും ജയിലിലേക്ക്

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ജില്ലയ്ക്കകത്തും പുറത്തുമായി അടുത്തിടെ നടന്ന 15-ഓളം മോഷണങ്ങള്‍ക്കും തുമ്പായി. ലഹരിക്ക് അടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനുമാണ് ഇയാള്‍ മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version