ജയിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകും: ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍; എകെ ആന്റണി

തിരുവനന്തപുരം: ജയിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

ആരൊക്കെ മത്സരിക്കുമെന്ന് പറയാന്‍ താന്‍ ആളല്ല. അതെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്തിക്കും. ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും എകെ ആന്റണി വ്യക്തമാക്കി.

ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. അതില്‍ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാനും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടെന്നും എകെ ആന്റണി വിശദീകരിച്ചു.

ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടിയുടെ നയം വ്യക്തമാക്കി സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേറിട്ട ശൈലിയിലായിരിക്കും മുന്നോട്ടുപോവുക. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തോടും അച്ചടക്കത്തോടും മുന്നോട്ടുപോയാല്‍ യുഡിഎഫ് മിന്നുന്ന വിജയം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. യോഗ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍പില്‍ ഇപ്പോള്‍ ഒരു അജണ്ട മാത്രമേയുള്ളൂവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. പുതിയ ദിശാബോധത്തോടെ, ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനെന്ന ചുമതല ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിക്കാണ്.

Exit mobile version