എനിയ്ക്ക് തെറ്റുപറ്റി, പിണറായി ആണ് ശരി! കണ്ട് മാപ്പു പറയണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: പിണറായി വിജയനെ കണ്ട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്. പിണറായിയെ കാണണമെന്നത് ഇപ്പോഴത്തെ അന്ത്യാഭിലാഷം ആണ്. കണ്ട് മാപ്പു പറയാന്‍ തയ്യാറാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കണ്ണൂരില്‍ പറഞ്ഞു.

വിഭാഗീയതയുടെ കാലത്ത് വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനില്‍ നിന്ന് അകറ്റിയത്. ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണ്.

”എനിക്ക് വയസ്സ് 96 കഴിഞ്ഞു. ഇപ്പോള്‍ രണ്ടുകണ്ണിനും കാഴ്ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ. എല്ലാം കഴിഞ്ഞു. പാര്‍ട്ടിയില്‍ ഐക്യവും ശക്തിയും വന്നില്ലേ”, അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെക്കുറിച്ച് ചോദിക്കവെയാണ് ബര്‍ലിന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ”സൂപ്പര്‍ ബജറ്റാണ്. പിണറായി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നതിന് യാതൊരു സംശയവുമില്ല.”- അദ്ദേഹം വ്യക്തമാക്കി.

തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ താന്‍ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണം, ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ പറഞ്ഞു.

അസുഖബാധിതനായി കുറെക്കാലമായി നാറാത്തെ വീട്ടിലാണ് ബര്‍ലിന്‍. മുന്‍പ് പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹത്തെ ബര്‍ലിന്‍ വിമര്‍ശിച്ചിരുന്നു.

Exit mobile version