നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ട്വന്റി ട്വന്റിയുടെ ഭാഗമായി ആണ് മത്സര രംഗത്തേക്ക് വന്നതെന്നും ഇത്തവണ ബിജെപിക്കൊപ്പമായിരിക്കും മത്സരരംഗത്ത് ഉണ്ടാവുകയെന്നും ജേക്കബ് തോമസ് അറിയിച്ചു.

കഴിഞ്ഞ തവണ വിആര്‍എസ് അംഗീകരിക്കാതെ വന്നതാണ് മത്സരിക്കാന്‍ സാധിക്കാതെ വന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ഭരണമാറ്റത്തിന് വേണ്ടിയാണ് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധ കിട്ടുന്ന മറ്റു പാര്‍ട്ടികള്‍ ഇല്ല. എല്ലാതരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നത് വലിയൊരു പ്രത്യേകതയാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

ട്വന്റി ട്വന്റിക്കാകുമെങ്കില്‍ എന്തുകൊണ്ട് ബിജെപിക്ക് ഭരണം പിടിക്കാനാവില്ലെന്നും ജേക്കബ് തോമസ് ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമേ യുഡിഎഫിനും എന്‍ഡിഎയ്ക്കും വിജയിക്കാന്‍ സാധിക്കൂ എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

നേരത്തെ ബിജെപി സാധ്യതാ പട്ടികയില്‍ ടിപി സെന്‍കുമാറിനും സിവി ആനന്ദബോസിനുമൊപ്പം ജേക്കബ് തോമസിന്റെ പേരും ഉണ്ടായിരുന്നു. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Exit mobile version