ലോക്ക് ഡൗണില്‍ ഹിറ്റായി ഡാല്‍ഗോണ കോഫി, വെറും അഞ്ച് മിനിറ്റില്‍ നാല് ചേരുവകള്‍ കൊണ്ട് തയ്യാറാക്കാം

ലോക്ക് ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ പലരും വീടുകളില്‍ പാചക പരീക്ഷണവും നടത്തുന്നുണ്ട്. ലോക്ക് ഡൗണില്‍ ഹിറ്റായി മാറിയിരിക്കുകയാണ് സൗത്ത് കൊറിയന്‍ സ്‌പെഷ്യല്‍ ഡാല്‍ഗോണ കോഫി. ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ ഡാല്‍ഗോണ കോഫിയാണ് താരം.

വെറും നാല് ചേരുവകള്‍ കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഡാല്‍ഗോണ കോഫി കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ക്വാറന്റൈന്‍ കോഫി എന്നും അറിയപ്പെടുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ തയ്യാറാക്കാന്‍ കഴിയുമെന്നതിനാല്‍ ഡാല്‍ഗോണ കോഫിക്ക് ജനപ്രീതി വര്‍ധിക്കുന്നു. എങ്ങനെ എളുപ്പത്തില്‍ സമൂഹമാധ്യമങ്ങളിലെ താരമായ ഡാല്‍ഗോണ കോഫി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ഇന്‍സ്റ്റന്റ് കോഫി പൗഡര്‍- രണ്ട് വലിയ സ്പൂണ്‍

പഞ്ചസാര – രണ്ട് വലിയ സ്പൂണ്‍

ചൂടുവെള്ളം – രണ്ട് വലിയ സ്പൂണ്‍

തണുത്ത പാല്‍- ഒരു വലിയ കപ്പ്

തയ്യാറാക്കുന്നവിധം

ആദ്യം ഒരു ബൗള്‍ എടുത്ത് അതില്‍ കാപ്പിപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് ചൂടു വെള്ളം ഒഴിക്കുക. ശേഷം ഹാന്‍ഡ് മിക്‌സെറോ ഹാന്‍ഡ് ബ്ലെന്‍ഡറോ ഉപയോഗിച്ച് അടിച്ചു പതപ്പിക്കുക. അല്ലെങ്കില്‍ ഒരു ഫോര്‍ക്ക് കൊണ്ടും ചെയ്യാം.

ഏകദേശം പത്ത് മിനിറ്റോളം അടിച്ചു പതപ്പിക്കണം.നല്ല ഫ്രോത്തിയായി വരുമ്പോള്‍ ഇളം ബ്രൗണ്‍ നിറമാകും. ഇനി സെര്‍വ് ചെയ്യാനുള്ള കപ്പില്‍ മൂന്നോ നാലോ ഐസ്‌ക്യൂബ് ഇടുക. ആവശ്യമില്ലെങ്കില്‍ ഐസ്‌ക്യൂബ്‌സ് ഒഴിവാക്കാം. ഇനി കപ്പിന്റെ മുക്കാല്‍ഭാഗം തണുത്ത പാല്‍ ഒഴിക്കുക.

അതിനു മുകളിലേക്ക് പതപ്പിച്ചു വെച്ച കോഫി കൂട്ട് പതിയെ ചേര്‍ത്ത് സെറ്റ് ചെയ്യുക. രുചിയേറിയ ഡല്‍ഗോണ കോഫി റെഡി.

Exit mobile version