കുട്ടി ആരാധകനെ തള്ളി മാറ്റിയ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍; മാപ്പ് പറയണമെന്ന് ഒരുകൂട്ടര്‍; വേണ്ടെന്ന് മറ്റൊരു കൂട്ടരും; സോഷ്യല്‍മീഡിയയില്‍ തമ്മില്‍തല്ല്; വീഡിയോ

സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ബോളിവുഡ് താരങ്ങളുടെ മോശം പെരുമാറ്റം ചര്‍ച്ചയാവുന്നത് പതിവാണ്. മാധ്യമങ്ങളുടെ നേര്‍ക്കുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ പുതുമുഖതാരം ജാന്‍വി കപൂര്‍ അടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പുതിയ ചിത്രം ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ പരസ്യമായി സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ചാണ് സല്‍മാന്‍ വിമര്‍ശന ശരങ്ങളേറ്റു വാങ്ങുന്നത്. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒപ്പം വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. പൊതുസ്ഥലത്ത് വെച്ച് സെക്യൂരിറ്റി ഗാര്‍ഡിനെ തല്ലിയ നടന്‍ മാപ്പു പറയണമെന്നു ഒരു കൂട്ടം ആരാധകര്‍ ശക്തമായി ആവശ്യപ്പെടുന്നതിനിടെ മറ്റൊരു കൂട്ടര്‍ നടനെ പിന്തുണയ്ക്കുകയാണ്.

സല്‍മാന്‍ പ്രീമിയര്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാനായി തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു ഈ സെക്യൂരിറ്റി ഗാര്‍ഡ്. എന്നാല്‍ ആരാധകര്‍ക്കിടയിലൂടെ മുന്നോട് നടന്ന സല്‍മാന്‍ പെട്ടെന്ന് തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

സല്‍മാനെ കണ്ട ആവേശത്തില്‍ മുന്നോട്ട് കുതിച്ച താരത്തിന്റെ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വീഡിയോയില്‍ ദൃശ്യമല്ല. എന്തായാലും താരത്തിന്റെ ഈ പെരുമാറ്റം അന്തസില്ലാത്തതാണെന്ന് സോഷ്യല്‍മീഡിയയുടെ പൊതുഅഭിപ്രായം.

Exit mobile version