കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍പ്പെട്ട മധ്യവയസ്‌കന് അത്ഭുത രക്ഷ. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയിലാണ് ഞെട്ടിക്കുന്ന സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഞായറാഴ്ച്ച വൈകിട്ടാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന മധ്യവയസ്‌കന്‍ ട്രാക്കിലേക്ക് വീണത്.
സമീപത്തുണ്ടായിരുന്നവര്‍ ഇയാളോട് ട്രെയിന്‍ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ട്രാക്കില്‍ കിടക്കുകയായിരുന്ന ഇയാളുടെ മുകളിലൂടെ ട്രെയിന്‍ കടന്നുപോവുകയായിരുന്നു.
അതിനുശേഷം ഒരു കൂസലുമില്ലാതെ എഴുന്നേറ്റ മധ്യവയസ്‌കന്‍ ട്രാക്കിലൂടെ വടക്ക് ഭാഗത്തേക്ക് നടന്നുപോകുന്നതായാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
അതേസമയം, ട്രാക്കിന് അടിയില്‍ വീണതാരെന്ന് സ്ഥിരീകരിക്കാന്‍ റെയില്‍വേ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ടയാള്‍ മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.