എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍

പാലക്കാട്: പ്ലസ്‌വൺ വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തുന്നത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി.

വീഡിയോ എന്തിനാണ് എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്. കുട്ടിയും അധ്യാപകനും സംസാരിക്കുന്നതിൻ്റെ വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു.

വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്. അധ്യാപകർ ഫോൺ വാങ്ങിവച്ചതിൻ്റെ ദേഷ്യത്തിലായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി.

Exit mobile version