‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍

വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടി. മലര്‍വാടി ഫെയിം ദീപക് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അനശ്വരയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്. ചിത്രം മേയ് മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോല്‍. ദീപക് സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ഓര്‍മ്മയില്‍ ഒരു ശിശിരത്തില്‍ അഭിനയിക്കുന്നത്. സ്‌കൂള്‍ ജീവിതത്തിലെ സൗഹൃദവും പ്രണയത്തിന്റെ മനോഹാരിതയും നോവുമെല്ലാമാണ് കാഴ്ചകള്‍. എല്‍ദോ മാത്യു, ജെയിംസ് സാം, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. രചന വിഷു രാജ് , അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു. ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സണ്‍ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ മാക്ട്രോ പിക്ചേഴ്സാണ് ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

Exit mobile version