ശോഭന-സുരേഷ് ഗോപി ജോഡി വീണ്ടും മലയാളത്തില്‍; സംവിധാനം സത്യന്‍ അന്തിക്കാടിന്റെ മകന്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശോഭന മലയാളത്തില്‍ തിരിച്ചെത്തുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയാണ് ശോഭന അവസാനമായി അഭിനയിച്ച മലയാള ചിത്രം.

തന്റെ ആദ്യ ചിത്രത്തില്‍ തന്നെ വന്‍താരനിരയെയാണ് അനൂപ് സത്യന്‍ അണിനിരത്തുന്നത്. ശോഭനയ്ക്ക് പുറമെ ചിത്രത്തില്‍ സുരേഷ് ഗോപിയും നസ്രിയയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡികളായിരുന്നു സുരേഷ് ഗോപിയും ശോഭനയും. ഈ കൂട്ടുകെട്ടാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കാന്‍ പോകുന്നത്. ജയരാജിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചത്.

തന്റെ ചിത്രത്തില്‍ മാസ് പരിവേഷമുള്ള സുരേഷ് ഗോപി ആയിരിക്കില്ലെന്നും ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും പോലെയുള്ള വേഷത്തിലായിരിക്കും താരം എത്തുമെന്നും സംവിധായകന്‍ അനൂപ് പറഞ്ഞു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അനൂപ് തന്നെയാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Exit mobile version