മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് 72ാം പിറന്നാള്‍: വീടിന് മുന്നില്‍ ആശംസകളും ഹര്‍ഷാരവവുമായി ആരാധകര്‍, സ്‌നേഹം അറിയിച്ച് താരം

മലയാള സിനിമയുടെ നിത്യയൗവ്വനം മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍. 72ാം
വയസ്സിലും യുവതാരങ്ങള്‍ക്ക് പോലും വെല്ലുവിളിയായി സൗന്ദര്യവും അഭിനയപാഠവം കൊണ്ടും വിസ്മയിപ്പിക്കുകയാണ് താര.

മെഗാതാരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആഘോഷവുമായി ആരാധകര്‍ എത്തി. പെരുമഴയത്തും കുട്ടികള്‍ മുതല്‍ നാല്‍പ്പതു വയസ്സുള്ള ആളുകള്‍ വരെ ഒരേ മനസ്സോടെ മമ്മൂക്കയെ വിഷ് ചെയ്യാന്‍ ആ വീട്ടു പടിക്കല്‍ കാത്തുനിന്നു. മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആശംസകള്‍ അറിയിക്കാന്‍ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്.

വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നില്‍ അര്‍ദ്ധരാത്രിയോടെ തടിച്ച് കൂടിയത്. ആശംസകള്‍ അറിയിച്ചും ആര്‍പ്പുവിളിച്ചും ആരാധകര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി.

അതേസമയം ആരാധകരെ ഒട്ടും നിരാശരാക്കിയില്ല താരം. കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. പിആര്‍ഒ, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം ദുല്‍ഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.

നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബര്‍ ഏഴിന് മലയാള സിനിമയുടെ മെഗാതാരം ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി.

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറി. ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. അഞ്ഞൂറിലേറെ സിനിമകളില്‍ ഇതിനകം അദ്ദേഹം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്.

എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂക്ക ശ്രദ്ധേയനായത്. കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ് ചിത്രം. ഭ്രമയുഗത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്. അതേസമയം ഭ്രമയുഗം പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി വൈശാഖ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജ്യോതികയാണ് ചിത്രത്തില്‍ നായികയാവുന്നത്.

Exit mobile version