ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം: സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

കൊച്ചി: മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയ നടന്‍ സൂര്യയ്ക്ക് അഭിനന്ദവുമായി
മമ്മൂട്ടി. സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു. പിറന്നാള്‍ ദിനത്തിലാണ് സൂര്യയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരിക്കുന്നത്.

‘ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണ്. പ്രിയപ്പെട്ട സൂര്യ ശിവകുമാറിന് പിറന്നാള്‍ ആശംസകള്‍’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരറൈ പോട്ര്’ എന്ന ചിത്രമാണ് സൂര്യയെ മികച്ച നടനാക്കിയത്. ചിത്രത്തില്‍ സൂര്യയുടെ നായികയായി അഭിനയിച്ച മലയാള നടി അപര്‍ണ ബാലമുരളിയാണ് മികച്ച നടിയുമായത്.

ഒരു സ്‌കൂള്‍ ടീച്ചറുടെ മകനായി ജനിച്ച് ഗ്രാമങ്ങളെ ആകാശം കാണിക്കാന്‍ സ്വപ്നം കണ്ട എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൂര്യയുടെ മറ്റൊരു നാഴികക്കല്ലായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

മാരന്‍ ആയുള്ള താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. കാലങ്ങള്‍ക്ക് ശേഷം തനിക്കൊരു ഉണര്‍വ്വ് തന്ന ചിത്രമാണ് ‘സുരറൈ പോട്ര്’ എന്ന് താരം ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Exit mobile version