ബാഹുബലി റെക്കോര്‍ഡ് പഴങ്കഥ: തമിഴ്‌നാട്ടിലെ മാത്രം കലക്ഷന്‍ 155 കോടി

ചെന്നൈ: ബാഹുബലി റെക്കോര്‍ഡ് പഴങ്കഥയാക്കി കമല്‍ഹാസന്‍ ചിത്രം വിക്രം കുതിപ്പ് തുടരുന്നു. തമിഴ്‌നാട്ടില്‍ ബാഹുബലി കുറിച്ച അഞ്ചുവര്‍ഷത്തെ റെക്കോര്‍ഡ് വിക്രം മറികടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രജനികാന്തിനും വിജയ്ക്കും അജിത്തിനും സാധിക്കാതിരുന്നതാണ് അഞ്ചുവര്‍ഷമായി സജീവമായി ഫീല്‍ഡില്‍ ഇല്ലാത്ത കമല്‍ തിരുത്തിക്കുറിച്ചുവെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്.

155 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രം ബാഹുബലി നേടിയ കലക്ഷന്‍. ഈ റെക്കോര്‍ഡ് വിക്രം മറികടന്നുവെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഉടന്‍ തന്നെ വിക്രത്തിന്റെ പേരിലാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം ആറ് പതിറ്റാണ്ടിലേറെ നീളുന്ന കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി വിക്രം മാറി.


ആഗോളതലത്തില്‍ ഏകദേശം 315 കോടി രൂപയിലേറെയാണ് വിക്രം നേടിയത്. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമല്‍ഹാസന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ‘എല്ലാവരും പുരോഗമിക്കണമെങ്കില്‍, പണത്തെക്കുറിച്ച് വിഷമമില്ലാത്ത ഒരു നേതാവിനെ നമുക്ക് വേണം. എനിക്ക് 300 കോടി രൂപ ഒറ്റയടിക്ക് സമ്പാദിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് മനസ്സിലാക്കിയില്ല. അവര്‍ കരുതി ഞാന്‍ എന്റെ നെഞ്ചില്‍ ഇടിക്കുകയാണെന്ന്. ഇപ്പോള്‍ അത് സംഭവിച്ചു.


ഈ പണം കൊണ്ട് ഞാന്‍ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നത് വരെ ഭക്ഷണം കഴിക്കും.സഎന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നവിധം സഹായം നല്‍കും. അതിനു ശേഷം ഒന്നും ബാക്കി ഇല്ലെങ്കില്‍ ഇനി കൊടുക്കാന്‍ ഇല്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കേണ്ടതില്ല. എനിക്ക് വമ്പന്‍ പദവികളൊന്നും വേണ്ട. ഞാന്‍ ഒരു നല്ല മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നു’. കമല്‍ഹാസന്‍ പറഞ്ഞു.

Exit mobile version