‘മിന്നൽ മുരളി’യിൽ തിളങ്ങി! ഇനി മോഹൻലാൽ ചിത്രം ബാറോസിലേക്ക് എന്ന് ഗുരു സോമസുന്ദരം

മിന്നൽ മുരളി സിനിമ റിലീസായതിന് പിന്നാലെ നായകനെക്കാളധികം ചർച്ചയായത് വില്ലനായിരുന്നു. ഷിബു എന്ന ഏറെ വ്യത്യസ്തനായ ഈ വില്ലൻ വേഷത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഗുരു സോമസുന്ദരം ഇനി മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുകയാണ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും താൻ അഭിനയിക്കുമെന്ന് ഗുരു സോമസുന്ദരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത് . ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകുന്നെന്ന് താരം അറിയിച്ചത്.

‘ലാലേട്ടന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കാൻ പോവുകയാണ്. ബറോസിൽ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,’ ഗുരു പറഞ്ഞു.

മലയാളത്തിൽ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹൻലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിൾ ബൺ, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് സുന്ദരികൾ ആന്തോളജിയിലെ സേതുലക്ഷ്മി എന്ന സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികൾക്ക് പരിചിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.

Also Read-പോലീസിനെതിരായ ആക്രമണം ലഹരി ഉപയോഗിച്ചത് കാരണം; തൊഴിലാളികൾ ക്രിമിനൽ സ്വഭാവമുള്ളവരല്ല, പലരും അറിയാതെ കഴിച്ചതാകാം; പോലീസിനെ സഹായിക്കും: സാബു ജേക്കബ്

2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെ സിനിമയിലേക്ക് എത്തിയ ഗുരു സോമസുന്ദരം 2016 ൽ രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ 2021 ൽ മിന്നൽ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയാണ്.

Exit mobile version