പോലീസിനെതിരായ ആക്രമണം ലഹരി ഉപയോഗിച്ചത് കാരണം; തൊഴിലാളികൾ ക്രിമിനൽ സ്വഭാവമുള്ളവരല്ല, പലരും അറിയാതെ കഴിച്ചതാകാം; പോലീസിനെ സഹായിക്കും: സാബു ജേക്കബ്

കൊച്ചി: കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പോലീസിനു കൈമാറുമെന്ന് സാബു ജേക്കബ് പറഞ്ഞു. സംഭവത്തിനു ശേഷം പോലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പോലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്. ഇവർക്ക് എല്ലാവർക്കും സംഭവത്തിൽ പങ്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാൻഡ്, മണിപ്പുർ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങൾക്കു പിന്നിൽ. ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോൾ മറ്റു തൊഴിലാളികൾ എതിർത്തു. അവർ ഉറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.

നിയന്ത്രിക്കാൻ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പർവൈസർമാരും പറഞ്ഞിട്ടും ഇവർ കേട്ടില്ലെന്നു വന്നതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവർ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ഡ്രഗ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകൾ സംഘം ചേർന്നതും പോലീസിനെതിരെ തിരിയുന്നതെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പരമാവധി 50 പേരാണ് കുറ്റക്കാർ. ഇവർക്ക് എല്ലാവർക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പോലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസിനു കൈമാറും.

ഇവർക്ക് എവിടെനിന്നാണു ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്. പലരും അറിയാതെ കഴിച്ചതാകും എന്നു കരുതുന്നു. നിരപരാധികളും പെട്ടിട്ടുണ്ടാവും.ഇവർ ക്രിമിനലുകളോ ക്രിമിനൽ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വർഷമായി ക്വാർട്ടേഴ്‌സിൽനിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു മനസ്സിലാക്കണം. സംഭവത്തിൽ എല്ലാത്തരത്തിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുക.

Also Read-തൊഴിലാളികളുടേത് കലാപസമാനമായ ചെയ്തി; ശ്രമിച്ചത് പോലീസുകാരെ തീയിട്ടുകൊല്ലാൻ; രക്ഷ തലനാരിഴയ്ക്ക്

100 രൂപ കളവു നടത്തിയാൽ പോലീസിൽ അറിയിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. നിയമപരമായി അല്ലാതെ ആരെയും സഹായിക്കില്ല. പലയിടത്തും സമാന സംഭവം ആവർത്തിക്കാം എന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

Exit mobile version