മതം മാറിയോ എന്ന് ചോദ്യം, പാസ്റ്റര്‍ എന്നു വിളിച്ചും പരിഹാസം; അതിരുകടന്നതോടെ പ്രതികരിച്ച് എംജി ശ്രീകുമാര്‍

MG Sreekumar | Bignewslive

മതം മാറിയോ എന്ന ചോദ്യങ്ങളിലും പാസ്റ്റര്‍ എന്ന് വിളിച്ചുമുള്ള പരിഹാസങ്ങളില്‍ രൂക്ഷപ്രതികരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. ഏതാനും വര്‍ഷം മുന്‍പ് മഴവില്‍ മനോരമയിലെ പരിപാടിയായ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയില്‍ ഗായകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. താന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും എംജി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ മതപരിവര്‍ത്തന ചര്‍ച്ചയിലെത്തി നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം നവരാത്രി ദേവി ഗീതങ്ങള്‍ റിലീസ് ചെയ്ത എം.ജി.ശ്രീകുമാറിനു നേരേ മതത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ഗായകന്‍ മതം മാറുകയാണോ എന്നും, ചിലര്‍ പരിഹാസരൂപേണ അദ്ദേഹത്തെ ‘പാസ്റ്റര്‍’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ‘പാസ്റ്റര്‍, നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ?’ എന്നായിരുന്നു എംജിയുടെ പോസ്റ്റിനു താഴെ ചിലരുടെ കമന്റ്.

പരിഹാസവും ചോദ്യങ്ങളും അതിരുകടന്നതോടെയാണ് എംജി പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നത്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍’, എംജി ശ്രീകുമാര്‍ പറഞ്ഞു.

Exit mobile version