രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം; ഈദ് റിലീസ് ആയി മെയ് 13ന് തീയറ്ററുകളിലെത്തും

രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. ഫേസ്ബുക്കിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈദ് റിലീസ് ആയി മെയ് 13ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്ന് താരം അറിയിച്ചു.

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ജോജു ജോര്‍ജ്, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ചിത്രം നിര്‍മിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ്. ഗോപന്‍ ചിദംബരം തിരക്കഥയൊരുക്കും.അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.

അതേസമയം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.

Exit mobile version