മലര്‍വാടി ആര്‍ട്‌സ് ക്ലബ് തീയേറ്ററിലെത്തിയിട്ട് പത്ത് വര്‍ഷമാകുന്നു; ഈ പത്ത് വര്‍ഷവും എന്റെ സിനിമകള്‍ കണ്ട് സ്‌നേഹവും പിന്തുണയും നല്‍കിയ ആരാധകരാണ് എന്റെ കരുത്ത്, എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്ത്, സ്‌നേഹവും നന്ദിയും അറിയിച്ച് നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2010 ജൂലൈ 16 നാണ് ചിത്രം തീയ്യേറ്ററിലെത്തിയത്. ഇപ്പോഴിതാ ഈ പത്ത് വര്‍ഷവും തനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിവിന്‍ പോളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്നെ പിന്തുണച്ച ഓരോരുത്തരോടും നന്ദി അറിയിച്ചത്.

‘എന്റെ ആദ്യ ചിത്രമായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ തീയേറ്ററിലെത്തിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷമാകുന്നു. ഞാന്‍ തിരിച്ചറിയുന്നതിന് മുമ്പേ തന്നെ എന്റെ സിനിമാ ജീവിതത്തിലെ മനോഹര ദിവസങ്ങള്‍ അവിടെ ആരംഭിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ് പോയ പത്ത് വര്‍ഷങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല എനിക്ക്. പല തരം വികാരങ്ങളിലൂടെ കടന്ന് പോയ യാത്ര. പ്രധാനമായും ഒരു നടനാവണമെന്നുള്ള ആഗ്രഹം ഉള്ളിലിട്ട് കൊണ്ടുള്ള യാത്ര.

ഓരോ വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. അത് കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിച്ച് കഷ്ടപ്പെടാന്‍ തയ്യാറായാല്‍ ലോകത്തുള്ള ഒന്നിനും നിങ്ങളെ തടയാനാകില്ല. എന്നെ ഇന്ന് കാണുന്ന ഞാനാക്കിയ ഒരുപാട് പേരുണ്ട്. എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന എന്റെ ആദ്യ സംവിധായകന്‍ വിനീത്, മാന്ത്രിക ദണ്ഡ് കൈയില്‍ തന്ന അല്‍ഫോണ്‍സ് എന്നിങ്ങനെ എന്നില്‍ നിന്ന് മികച്ചത് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച എല്ലാ സംവിധായകരോടും നിര്‍മ്മാതാക്കളോടും നന്ദി അറിയിക്കുന്നു.

എന്റെ കൂടെ എല്ലാ സമയത്തും നിന്ന റിന്നയോട്, എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന എന്റെ സുഹൃത്തുക്കളോട്, എന്നെ പിന്തുണച്ച സഹതാരങ്ങളോട്, ഞങ്ങളുടെ സ്വപ്നങ്ങള്‍ സത്യമാകാന്‍ നിരന്തരം പ്രയത്‌നിച്ച ക്രൂ അംഗങ്ങളോട് പ്രത്യേകിച്ച് ഈ പത്ത് വര്‍ഷവും എന്റെ ചിത്രങ്ങള്‍ കണ്ട് സ്‌നേഹവും പിന്തുണയും നല്‍കിയ ആരാധകരോട്, നിങ്ങളാണ് എന്റെ കരുത്ത്. എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്ത് എന്റെ യാത്രയുടെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ സന്തോഷത്തോടെ കടക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഓരോരുത്തരോടും നന്ദി പറയുന്നു’ എന്നാണ് നിവില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version