കുട്ടിക്കാലത്ത് എച്ചിലിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്; വീട്ടുമുറ്റത്ത് പോലും കയറ്റാത്തവരുണ്ട്; പൊള്ളുന്ന അനുഭവം പറഞ്ഞ് ആർഎൽവി രാമകൃഷ്ണൻ

പഠിക്കാൻ മിടുക്കനായിരുന്നു, ഡോക്ടറാക്കാൻ മണി ആഗ്രഹിച്ചു; കുട്ടിക്കാലത്ത് എച്ചിലിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്; വീട്ടുമുറ്റത്ത് പോലും കയറ്റാത്തവരുണ്ട്; പൊള്ളുന്ന അനുഭവം പറഞ്ഞ് ആർഎൽവി രാമകൃഷ്ണൻ

rlv ramakrishnan | malayalam live news

പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായിരുന്നിട്ടും ഇന്നും വിവേചനങ്ങൾ നേരിടുന്ന കലാകാരനാണ് ആർഎൽവി രാമകൃഷ്ണൻ. സംഗീത നാടക അക്കാദമിയുടേയും സമൂഹത്തിന്റേയും വിവേചനങ്ങളിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രാമകൃഷ്ണൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. അവഗണനകൾ മാത്രമാണ് കുട്ടിക്കാലം തൊട്ടേ നേരിട്ടതെന്ന് ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

പഠനത്തിൽ ഏറെ മുന്നിലായതിനാൽ തന്നെ ഡോക്ടറാക്കണമെന്നായിരുന്നു സഹോദരനായ മണിയുടെ ആഗ്രഹമെന്ന് രാമകൃഷ്ണൻ ഓർത്തെടുക്കുന്നു. എന്നാൽ കുട്ടിക്കാലം തൊട്ടേ നൃത്തത്തിൽ തൽപ്പരനായതിനാൽ പ്രിഡിഗ്രി പാതിയിൽ ഉപേക്ഷിച്ച് മോഹിനിയാട്ടം ഡിപ്ലോമയ്ക്ക് ചേരുകയായിരുന്നു.

പിന്നീട് മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടുകയും ശേഷം ഒന്നാംറാങ്കോടെ എംഎ ബിരുദവും 2018ൽ മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റും നേടി. പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്‌സിറ്റിയിലും താൽകാലിക അധ്യാപകനായി.

കലാഭവൻ മണി മുമ്പ് തന്റെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞതിനും അപ്പുറമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടെന്ന് ആർഎൽവി പറയുന്നുണ്ട്. സമീപത്തെ സമ്പന്നരുടെ കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാർ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിച്ചിരുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആർഎൽവിയുടെ തുറന്നു പറച്ചിൽ.

സമ്പന്നരായവർ വിശേഷദിവസങ്ങളിൽ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങൾക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിടെയാണ് പോകാൻ പാടില്ലാത്തത്, ഏതൊക്കെ വീടുകളുടെ മുന്നിൽ നിന്ന് എത്ര അടി മാറിനിൽക്കണം എന്നൊക്കെ.- ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

കുട്ടിക്കാലത്ത് മാത്രമല്ല. കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളിൽ നിന്നും ശിൽപശാലകളിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ചേട്ടൻ ഉണ്ടായിരുന്നതുകൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായിപ്പോയതെന്നും ആർഎൽവി രാമകൃഷ്ണൻ കണ്ണീരോടെ പറയുന്നു.

Exit mobile version