ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; നിയമം കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ മാത്രം നടപടി മതിയെന്നും സുരേഷ് ഗോപി

suresh gopi

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കുന്ന കാര്യത്തില്‍ താര സംഘടനയായ ‘അമ്മ’ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.

‘ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അമ്മ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.’യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവര്‍ക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നല്‍കുന്ന സംഘടനയാണിത്. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’- സുരേഷ് ഗോപി പറഞ്ഞു.

Exit mobile version