പെണ്ണായാല്‍ സ്വാദ് നോക്കാതെ, ഇഷ്ടമില്ലെങ്കിലും പറയാതെ ഭക്ഷണം കഴിക്കണമെന്ന് വിധുബാല, ഉപദേശം ഒത്തിരി ഇഷ്ടമായെന്ന് ആനി; രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ആരാണ് ഇന്നത്തെ കാലത്ത് പറയുക എന്ന് വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍

നടി ആനിയും വിധുബാലയും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രോഗ്രാമിനിടയിലെ സംസാരമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സ്ത്രീകള്‍ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ് ഇവരുടെ ഭാഗത്തുനിന്നുമുണ്ടായത്.

സംഭവം ചര്‍ച്ചയായി മാറിയതോടെ ഇരുവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. കഥയല്ലിത് ജീവിതം പോലുള്ള പരിപാടിയുടെ അവതരാകയുടെ ഭാഗത്തു നിന്നും ഇത്തരം സംസാരം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

നിരവധി ആളുകളാണ് ഈ വിഷയത്തില്‍ പ്രതികരണവുമായെത്തുന്നത്. പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറയുന്നത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം.

ഇതുമായി ബന്ധപ്പെട്ട് രജീത് ലീല രവീന്ദ്രന്‍ എന്നയാള്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക എന്ന് രജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.’എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് ഉപകരിക്കും’.

ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുന്‍ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോള്‍,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആന്‍ഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടില്‍ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.

കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.

അതല്ല ഇവര്‍ക്ക് ആണ്‍മക്കളാണ് ഉള്ളതെങ്കില്‍ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കില്‍ പതിനാറാം നൂറ്റാണ്ടില്‍ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.
(രജിത് ലീല രവീന്ദ്രന്‍)

Exit mobile version