‘പാട്ടുപെട്ടിക്കാരാ’; ദുനിയാവിന്റെ ഒരറ്റത്തിലെ ആ മനോഹര ഗാനത്തിന്റെ വിശേഷങ്ങളുമായി ഇന്ദുലേഖ വാര്യര്‍

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ‘ദുനിയാവിന്റെ ഒരറ്റത്ത്’ എന്ന ചിത്രത്തിലെ ” പാട്ടുപെട്ടിക്കാരാ” എന്ന ഗാനം സോഷ്യല്‍മീഡിയയില്‍ ആസ്വാദകരെ ഒന്നടങ്കം കൈയ്യിലെടുത്തുകൊണ്ടിരിക്കുകയാണ്. പാട്ടിന് ഈണം നല്‍കിയതും മനോഹര ശബ്ദം പകര്‍ന്നതും നടന്‍ ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യരാണ്. പാട്ടിന്റെ വിശേഷങ്ങള്‍ ബിഗ് ന്യൂസുമായി പങ്കുവെയ്ക്കുകയാണ് പ്രിയഗായിക.

‘ദുനിയാവിന്റെ ഒരറ്റത്തി’ലേക്ക്

വളരെ ആകസ്മികമായാണ് ദുനിയാവിന്റെ ഒരറ്റത്ത് എന്ന സിനിമയില്‍ അവസരം ലഭിച്ചത്. ശരിക്കും ഒരു ഇന്‍ഡിപെന്‍ഡന്റ് ട്രാക്കായി ചെയ്യാന്‍ വച്ചിരുന്ന ഒരു പാട്ടായിരുന്നു ഇത്. അനാര്‍ക്കലി, ഓര്‍ഡിനറി സിനിമകളുടെ നിര്‍മ്മാതാവും ഗാനരചയിതാവുമായ ശ്രീ രാജീവ് ഗോവിന്ദനാണ് ഈ വരികള്‍ എനിക്ക് പരിചയപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വരികളായിരുന്നു ഇത്. ഈ വരികള്‍ക്ക് മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്നോളാന്‍ അദ്ദേഹം പറഞ്ഞു. മലബാറിന്റെ തനിമയാര്‍ന്ന നാടന്‍ ഇശല്‍ മനസ്സില്‍ വച്ചിട്ടായിരുന്നു ഞാന്‍ പാട്ട് മൂളിനോക്കിയത്. അങ്ങനെ രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് ഞാന്‍ ഈണം പകര്‍ന്നു.

അത്രയും നല്ല ഒരു ഈണമാണെന്ന് അവകാശപ്പെടുന്നില്ല, ഒരു നാടന്‍ ഇശല്‍ അത്രേയുള്ളൂ. റെക്കോര്‍ഡിങ് ചെന്നൈയില്‍ വെച്ചായിരുന്നു. ഞാന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. അങ്ങനെയാണ് ചെന്നൈയിലെ വോയിസ് ആന്‍ഡ് വിഷന്‍ സ്റ്റുഡിയോയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ പോയപ്പോള്‍ സൗണ്ട് എഞ്ചിനീയറായിരുന്ന ലിജേഷ് കുമാര്‍ ഇത് കേട്ടിട്ട് പറഞ്ഞിരുന്നു ഇതൊരു സിനിമയിലേക്കുള്ള പാട്ട് ആക്കാമല്ലോ എന്ന്. ശരിക്കും അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി എന്നാണ് എനിക്ക് തോന്നുന്നത്. പാട്ടിന്റെ ഷൂട്ടിങ് എല്ലാം ചെന്നൈയില്‍ വെച്ച് തന്നെയായിരുന്നു ചെയ്തത്.

അതിന് ശേഷമാണ് അവിചാരിതമായി ദുനിയാവിന്റെ ഒരറ്റത്ത് സിനിമയുടെ സംവിധായകനായ ടോം ചേട്ടന്‍ ആ പാട്ട് കേട്ടത്. പാട്ട് വളരെ ഇഷ്ടപ്പെട്ട ചേട്ടന്‍ സിനിമയ്ക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഈ പാട്ട് ചെയ്യാമോ എന്നും ചോദിച്ചു. അങ്ങനെയാണ് പാട്ട് ദുനിയാവിന്റെ ഒരറ്റത്ത് സിനിമയിലേക്ക് എത്തിയത്.

പാട്ട് പുറത്തിറക്കണമെന്ന് പറഞ്ഞ് പിന്തുണ നല്‍കിയത് ഇവര്‍ മൂന്നുപേര്‍

അച്ഛന്‍ ജയരാജ് വാര്യരും ഭര്‍ത്താവ് ആനന്ദും പിന്നെ ഗാനരചയിതാവ് രാജീവ്‌ അങ്കിളുമാണ് എനിക്ക് പൂര്‍ണപിന്തുണ നല്‍കിയത്. പാട്ട് പുറത്തിറക്കണമെന്ന് തന്നെ ഇവര്‍ പറഞ്ഞു. പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴുമെല്ലാം ഇവര്‍ മൂന്നുപേരും എനിക്കൊപ്പം തന്നെയുണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്

പാട്ട് ഒരുപാട് പേര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ട്. അത് തന്നെ വലിയ സന്തോഷം. എം ജയചന്ദ്രന്‍ സര്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ‘നടക്കുമ്പോഴൊക്കെ പാട്ട് മൂളിത്തുടങ്ങി’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്.

ഞാന്‍ പാടിയ പാട്ട്, അല്ലെങ്കില്‍ ഞാന്‍ ചെറിയ രീതിയില്‍ ഈണം പകര്‍ന്ന ഒരു പാട്ട് ജയചന്ദ്രന്‍ സാറൊക്കെ കേള്‍ക്കുക, അദ്ദേഹം അത് ഷെയര്‍ ചെയ്യുക, നല്ല അഭിപ്രായം പറയുക എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ വലിയ ഭാഗ്യം തന്നെയാണ്. പാട്ട് പാടിയതിനെപ്പറ്റിയും അദ്ദേഹം നല്ല അഭിപ്രായമാണ് പറഞ്ഞത്.

നല്ല ഭാവത്തോടെ പാടിയെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ രാജ് സര്‍, പാട്ടുകാരനായ സൂരജ് എസ് കുറുപ്പ്, ജസ്റ്റിന്‍ വര്‍ഗീസ് ഇവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. പിന്നെ സിനിമ നടന്മാരായ മനോജ് കെ ജയന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പാട്ട് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ശരിക്കും ഒരുപാട് പേരാണ് നല്ല അഭിപ്രായം പറഞ്ഞത്. വളരെ സന്തോഷം തോന്നി.

അറിയപ്പെടാന്‍ ആഗ്രഹം ഗായികയായി തന്നെ

ശരിക്കും ഒരു സംഗീത സംവിധായിക ആവണമെന്നൊന്നും വിചാരിച്ചിട്ടില്ല. ഇത് ആകസ്മികമായി സംഭവിച്ചതാണ്. ഈണം നല്‍കി പാടൂ എന്ന് രാജീവ് അങ്കിള്‍ പറഞ്ഞതുകൊണ്ട് മാത്രം ഈണം നല്‍കിയതാണ്. ശരിക്കും ഒരു ഗായികയായി തന്നെയാണ് എനിക്ക് അറിയപ്പെടാന്‍ ആഗ്രഹം.

മലയാളത്തില്‍ ധാരാളം വനിതാ സംഗീത സംവിധായകരുണ്ട്. സയനോര, ഗായത്രി സുരേഷ് എന്നിവരെല്ലാം പാട്ടുകള്‍ ചെയ്തിട്ടുണ്ട്. അവരൊക്കെ വളരെ നന്നായി പാട്ടുകള്‍ ചെയ്തു. പക്ഷേ പലര്‍ക്കും അംഗീകാരം കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാല്‍ അവരുടെയൊക്കെ പാട്ടുകള്‍ വളരെ നല്ലതാണ്. പാട്ടുകള്‍ ചെയ്യുന്ന പലര്‍ക്കും വളരെ നല്ല അംഗീകാരം തന്നെ കിട്ടേണ്ടതുണ്ട്.

ഇതുവരെ ചെയ്ത പാട്ടുകളെക്കുറിച്ച്

ആദ്യമായി ഈണം പകര്‍ന്ന പാട്ടായിരുന്നു ദുനിയാവിന്റെ ഒരറ്റത്ത് സിനിമയിലെ പാട്ട്. ഇനി ചെയ്യുമോ എന്ന് അറിയില്ല. പെണ്‍ റാപ്പ് എന്ന് പറഞ്ഞിട്ടുള്ള ഒരു റാപ്പ് ഈയടുത്ത് ചെയ്തിരുന്നു. അത് ജനശ്രദ്ധ നേടി. അതിന്റെ വരികള്‍ എഴുതിയതും പാടിയതും ഞാന്‍ തന്നെയായിരുന്നു. അതുമാത്രമായിരുന്നു എന്റേതായിട്ടുള്ളത്.

പാട്ടിന് വരികളെഴുതുക എന്ന ശ്രമം നടത്തിയത് ആ പാട്ടിലൂടെയായിരുന്നു. ഇത് മുമ്പ് ഒരു ഗായിക മാത്രമായിരുന്നു ഞാന്‍. 2014ല്‍ ഇറങ്ങിയ അപ്പോത്തിക്കിരി എന്ന സിനിമയിലാണ് ആദ്യം പാടിയത്. പിന്നീട് 2015ല്‍ വിദ്യാസാഗര്‍ സാറിന്റെ ഒരു തമിഴ് സിനിമയില്‍ പാടിയിരുന്നു. വൈരമുത്തു സാറായിരുന്നു വരികള്‍.

2018ല്‍ ശരത്ത് സാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു പാട്ട് പാടിയിരുന്നു. ഓട്ടോര്‍ഷ എന്ന സിനിമയിലെ ‘പുതു ചെമ്പാ നെല്ലുകുത്തി’ എന്ന പാട്ടായിരുന്നു അത്. അങ്ങനെ കുറിച്ച് പാട്ടുകള്‍ പാടി. സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്നുണ്ട്. ഇന്ദുലേഖ വാര്യര്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ കവിതകള്‍ ആലപിക്കുന്നുണ്ട്.

പുതിയ പ്രൊജക്ടുകളെക്കുറിച്ച്

പുതിയ പ്രൊജക്ടുകളെക്കുറിച്ചൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. പെട്ടെന്നാണ് എല്ലാം സംഭവിക്കാറുള്ളത്. അതുകൊണ്ടുതന്നെ അടുത്ത നല്ല ഒരു പ്രൊജക്ടിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ കൂടുതല്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള പരിശ്രമത്തിലാണ്. ട്രാവല്‍ വ്‌ലോഗുകള്‍ ചെയ്യാറുണ്ട്, കവിതകള്‍ ആലപിക്കുന്ന വീഡിയോകള്‍ ചെയ്യുന്നു. കുറച്ചു കവര്‍ സോങ്‌സ് ഒക്കെ ചെയ്യണമെന്ന് വിചാരിക്കുന്നു.

Exit mobile version