‘പൃഥ്വിരാജ് ചിത്രവുമായി ഇതിന് ഒരുതരത്തിലും സാമ്യമില്ല, ‘ഒറ്റക്കൊമ്പന്‍’ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തതാണ്’; ടോമിച്ചന്‍ മുളകുപാടം

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നടന്നത്. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ടൈറ്റില്‍ അനൗണ്‍സ്മെന്റാണ് കഴിഞ്ഞ ദിവസം നടന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. ‘ഒറ്റക്കൊമ്പന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ചിത്രത്തിന് പൃഥ്വിരാജ് ചിത്രവുമായി ഒരുതരത്തിലും സാമ്യമില്ല എന്നാണ് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ഞങ്ങള്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല. ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസും കൂട്ടവുമൊക്കെ ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, ഞങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകും. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. വളരെയധികം ആളുകളുടെ പ്രവര്‍ത്തനം വേണ്ട ചിത്രമാണ്. അതുകൊണ്ടു തന്നെ കൊവിഡ് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ കഴിയൂ.

പോരാത്തതിന് ഇതൊരു ആള്‍ക്കൂട്ട സിനിമ കൂടിയാണ്. തീയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട ചിത്രം. അതുകൊണ്ടു തന്നെ തീയ്യേറ്റര്‍ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ വന്നതിന് ശേഷമേ ചിത്രത്തെക്കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. സുരേഷ്ഗോപി അഭിനയിക്കുന്ന സിനിമ എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂ. മറ്റുള്ള താരങ്ങള്‍ ആരായിരിക്കും എന്നുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. നല്ല സിനിമകള്‍ വരട്ടെ, സിനിമാരംഗത്തുള്ള എല്ലാവര്‍ക്കും തൊഴില്‍ കിട്ടത്തക്ക വിധത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. നല്ല സിനിമകള്‍ക്ക് എന്നും എല്ലാവിധ പിന്തുണയും നല്‍കും’ എന്നാണ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്. സഹസംവിധായകനായ മാത്യു തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Exit mobile version