വരുമാനമില്ല, ഇടവേള ബാബുവിന് കാറുകളില്‍ ഒന്ന് വില്‍ക്കേണ്ടി വരെ വന്നു, മറ്റുള്ളവരെ സഹായിക്കാന്‍ തനിക്ക് നിവൃത്തിയില്ലെന്ന് നന്ദു

കോവിഡിന്റെ സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ സിനിമയിലെ ഭൂരിപക്ഷം പേരും ബുദ്ധിമുട്ടിലാണ്. ആറേഴു മാസമായി വരുമാനമൊന്നുമില്ലാതായതോടെ പലരും ജീവിക്കാന്‍ പല വഴികളും തേടിപ്പോകുകയാണ്. അത്തരത്തില്‍ കോവിഡ് കാരണം ജീവിതം പ്രതിസന്ധിയിലായ കലാകാരന്മാരുടെ കൂട്ടത്തില്‍ പ്രിയനടന്‍ നന്ദുവുമുണ്ട്.

മറ്റെല്ലാ മേഖലയിലുമുള്ളവര്‍ ക്രമേണ ജോലിയില്‍ മടങ്ങിയെത്തിയെങ്കിലും ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് അതിനു സാധിക്കുന്നില്ലെന്ന് നന്ദു പറയുന്നു. വായ്പ തിരിച്ചടയ്‌ക്കേണ്ടവര്‍ അടച്ചേ പറ്റൂ. മലയാളത്തിലെ ഒരു നടി ലോക്ഡൗണിനു തൊട്ടു മുന്‍പു കാര്‍ വാങ്ങാനുറച്ചു.

മാസം 35,000 രൂപ വീതം വായ്പ അടയ്ക്കണം. സിനിമയില്ലാത്തതിനാല്‍ വരുമാനമില്ല. ലോക്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച് ഇപ്പോള്‍ വണ്ടി വേണ്ടെന്നു പറഞ്ഞു. എന്നാല്‍, അവര്‍ കാര്‍ ഡീലര്‍ക്കു പണം കൈമാറിക്കഴിഞ്ഞിരുന്നുവെന്ന് നന്ദു കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ 2% പേര്‍ക്കു മാത്രമാണ് നല്ല സാമ്പത്തിക ശേഷിയുള്ളത്. വരുമാനം മുടങ്ങിയാലും 20% പേര്‍ക്കു കൂടി ജീവിക്കാം. സാധാരണ നടീനടന്മാര്‍, സാങ്കേതിക വിദഗ്ധര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്‌സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്.

പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. സെറ്റില്‍ നമുക്കു ഭക്ഷണം വിളമ്പിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. താരസംഘടനയായ അമ്മ, സാമ്പത്തികശേഷിയുള്ളവരില്‍നിന്നു പണം സമാഹരിച്ചു രണ്ടുതവണ സഹായം നല്‍കിയെന്നും നന്ദു പറയുന്നു.

ഏറ്റവുമൊടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവു നല്‍കാന്‍ നിവൃത്തിയില്ലെന്നു ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളിലൊന്നു വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ബാബു എന്നോടു പറഞ്ഞതെന്നും നന്ദു ഓര്‍ക്കുന്നു.

കോവിഡ് ആണെങ്കിലും ഒട്ടേറെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിഡിയോയില്‍ ആശംസകള്‍ ചിത്രീകരിച്ചു നല്‍കുന്നുണ്ട്. സ്വയം മേക്കപ്പിട്ടു സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് അയച്ചുകൊടുക്കുകയാണു പതിവ്. മെസേജ് വേണ്ടവരുടെ തിരക്കു കൂടിയപ്പോള്‍ ഇനി 2500 രൂപ തന്നാലേ നല്‍കൂ എന്നു തമാശയായി സുഹൃത്തിനോടു പറഞ്ഞു.

അക്കൗണ്ട് നമ്പര്‍ കൊടുത്താല്‍ 2500 രൂപ ഇട്ടേക്കാമെന്ന് അയാള്‍ പറഞ്ഞതോടെ തമാശയാണെന്നു പറഞ്ഞു തലയൂരിയെന്നും നന്ദു വ്യക്തമാക്കി. കോവിഡ്കാലത്തു പാചകപരീക്ഷണമാണു പ്രധാന ജോലി. യുട്യൂബ് നോക്കി ചൈനീസ്, ഇറ്റാലിയന്‍ ഭക്ഷണമെല്ലാം ഉണ്ടാക്കും. വീടിനു പുറത്തിറങ്ങാനാകാതെ മാനസികപ്രശ്‌നത്തിലായ മുതിര്‍ന്ന പൗരന്മാരെ ഫോണിലൂടെ ആശ്വസിപ്പിക്കാറുണ്ടെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

Exit mobile version