സുരേഷ് ഗോപിയെ നായകനാക്കി ‘കാവലു’മായി നിഥിന്‍ രഞ്ജിപണിക്കര്‍; ചിത്രീകരണം ആരംഭിച്ചു

കസബയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവലി’ന്റെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. നിഥിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘കസബ’യിലൂടെയാണ് നിഥിന്‍ സംവിധാന തൊപ്പി അണിഞ്ഞത്.

ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞത്. ലാല്‍, ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗുഡ്വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ്‌ഗോപി-ശോഭന കൂട്ടുക്കെട്ട് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version