ചാണകത്തില്‍ ചവിട്ടില്ല; ബിജെപി നേതാക്കള്‍ക്ക് ചുട്ട മറുപടിയുമായി ആഷിഖ് അബു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളോട് ചാണകത്തില്‍ ചവിട്ടില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു മറുപടിയുമായി രംഗത്തെത്തിയത്. ചാണകത്തില്‍ ചവിട്ടില്ലെന്നും, അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്നും ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആഷിഖ് പ്രതികരിച്ചത്.

കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് പ്രതിഷേധക്കാര്‍ക്കാരെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്.

സന്ദീപ് വാര്യരാകട്ടെ ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.

എന്നാല്‍ ബിജെപി നേതാക്കളുടെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version