ബിജെപിയുടെ മുഖ്യമന്ത്രിമാരുടെ ജനപ്രീതി കുറഞ്ഞു; കേരളത്തില്‍ ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപി

ന്യൂഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രിമാരടക്കമുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വെയിലാണ് നേതാക്കളുടെ പ്രതിഛായ കുറഞ്ഞതായി കണ്ടെത്തിയത്. അതേസമയം, പ്രധാനമന്ത്രിയുടെ സ്വാധീനത്തിന് കുറവുണ്ടായിട്ടില്ലെന്നും സര്‍വേയില്‍ പറയുന്നു.

സംസ്ഥാന അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിഛായയ്ക്കും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാതാരം സുരേഷ് ഗോപി ആണെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട്. തെലങ്കനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെക്കാള്‍ ജനപ്രീതി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കാണ് എന്നും സര്‍വേ പറയുന്നു.

Read Also: ‘ഗോപാലന്‍ പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം’: കേസെടുക്കില്ലെന്ന് മന്ത്രി

ഇതോടെ വരാനിരിക്കുന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂട്ടായ നേതൃത്വത്തില്‍ നേരിടാനാണ് തീരുമാനം. സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്നെ മുന്‍നിര്‍ത്തിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഹിമാചല്‍ പ്രദേശില്‍ ജയറാം താകൂറിനെയും രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തി കാണിക്കില്ല.

ഗുജറാത്തില്‍ എഎപി പ്രചാരണം ശക്തമാക്കുമ്പോഴും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് വരുമെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. ജെ.ഡി.യു ബിജെപി സഖ്യം ഉപേക്ഷിച്ച ബീഹാറില്‍ പാര്‍ട്ടിക്ക് അടിത്തട്ടില്‍ ബന്ധമില്ലെന്ന് ആഭ്യന്തര സര്‍വ്വെയില്‍ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്.

Exit mobile version