‘നീലവെളിച്ച’ത്തിൽ പാട്ടുകൾ ഉപയോഗിച്ചത് നിയമപരമായി സ്വന്തമാക്കിയിട്ട് തന്നെ; പരാതിപ്പെട്ട എംഎസ് ബാബുരാജിന്റെ ബന്ധുക്കളോട് ആഷിക് അബു

സംഗീതജ്ഞൻ എംഎസ് ബാബുരാജിന്റെ ഗാനങ്ങൾ ‘നീലവെളിച്ച’ത്തിൽ ഉപയോഗിച്ചതിന് എതിരെ രംഗത്തെത്തിയ കുടുംബത്തിന് മറുപടി നൽകി സംവിധായകൻ ആഷിക് അബു. എംഎസ് ബാബുരാജിന്റെ പാട്ടുകളുടെ അവകാശം നിയപരമായി സ്വന്തമാക്കിയതിന് ശേഷമാണ് ചിത്രത്തിലുപയോഗിച്ചതെന്ന് സംവിധായകൻ ആഷിക് അബു ബാബുരാജിന്റെ കുടുംബത്തെ അറിയിച്ചു. ഗാനങ്ങൾ പുനർനിർമിച്ച് ‘നീലവെളിച്ചം’ സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിച്ചുവെന്നാണ് ആഷിക് അബു വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ, എംഎസ് ബാബുരാജിന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുടുംബം നിയമനടപടിയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താക്കുറുപ്പിലൂടെ സംവിധായകൻ പ്രതികരണവുമായി എത്തിയത്. നിലവിലുണ്ടായിരിക്കുന്ന വിവാദം തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് അനുമാനിക്കുന്നുവെന്നും ആഷിക് അബു അറിയിച്ചു.

സംവിധായകൻ ആഷിഖ് അബു, സംഗീതസംവിധായകൻ ബിജിബാൽ എന്നിവർക്കാണ് ബാബുരാജിന്റെ മക്കൾ വക്കീൽ നോട്ടീസ് അയച്ചത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതിയും നൽകിയിരുന്നു.

also read- ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തി, കൊള്ളയടിച്ചു; പ്രതിയെ എൻകൗണ്ടറിൽ വധിച്ചു; നിരവധി ക്രിമിനൽ കേസിലെ പ്രതി

ഒപിഎം സിനിമാസ് പുറത്തിറക്കിയ കുറിപ്പ്:

1964 ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഈ അവകാശക്കൈമാറ്റ തുടര്‍ച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടര്‍ന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളില്‍ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.)

നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ ശ്രീ എം.എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ‘നീലവെളിച്ചം’ സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത്.


ഈ സാഹചര്യത്തില്‍, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കങ്ങളിലാണ്. ഈ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. വിനയപൂര്‍വ്വം, ആഷിഖ് അബു ഒ.പി.എം സിനിമാസ്

Exit mobile version